യുക്രൈനിലെ യുദ്ധമുഖത്തുനിന്നും രക്ഷപ്പെട്ട് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി
കാഞ്ഞിരപ്പള്ളി : കനത്ത യുദ്ധം നടക്കുന്ന യുക്രൈന്റെ തലസ്ഥാന നഗരിയായ കീവിൽ നിന്നും ഉഗ്രസ്ഫോടനത്തിന്റെ ദൃക്സാക്ഷികളായി രണ്ടാം ജന്മം പോലെ രക്ഷപ്പെട്ട് നാട്ടിലെത്തിയ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥികളായ സാക്കീർ ബിൻ റഫീക്ക് ,ആഷിക് ഷംനാദ് ,സുഹൃത്തുക്കളായ കോട്ടയം സ്വദേശി അഭിനവ് ശ്രീകുമാർ , തുടങ്ങിയ വിദ്യാർത്ഥികൾ സുരക്ഷിതരായി
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കാഞ്ഞിരപ്പള്ളിയിൽ തിരിച്ചെത്തിയപ്പോൾ നാട്ടുകാരും, ജനപ്രതിനിധികളും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്തംഗം സുനിൽ തേനംമാക്കലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വീടുകളിലെത്തി മധുര പലഹാര വിതരണം നടത്തി.
യുദ്ധം ആരംഭിക്കുന്നതിന് തലേദിവസം നാട്ടിലേക്ക് വരുവാൻ ടിക്കറ്റ് എടുത്തുവെങ്കിലും, അപ്രതീക്ഷിതമായി എയർപോർട്ട് അടക്കപ്പെട്ടത്തിനെ തുടർന്ന് ഒരാഴ്ച കാലത്തോളം ബങ്കറിൽ അവർക്ക് കഴിയേണ്ടിവന്നു. തുടർന്ന് കിവിൽ നിന്നും കാർ മാർഗ്ഗം ഹംഗറിയിൽ എത്തി, അവിടെനിന്നും ഡൽഹിയിൽ എത്തിയ വിദ്യാർത്ഥികൾ അവിടെനിന്നും നെടുമ്പാശ്ശേരിയിൽ ഇന്നലെ രാത്രിയിൽ എത്തി. യുദ്ധമുഖത്തു കുടുങ്ങിയ പ്രിയപ്പെട്ടവർ സുരക്ഷിതരായി തിരിച്ചുവരുന്നതിനായി, ബന്ധുക്കൾക്കൊപ്പം നാടാകെ ദിവസങ്ങളോളം പ്രാർത്ഥനയിലായിരുന്നു.
പത്തു ദിവസത്തെ യാതനകൾക്ക് ശേഷം, അവർ സുരക്ഷിതരായി സ്വന്തം വീട്ടിലെത്തിയപ്പോഴയ്ക്ക് പാതിരാത്രിയായെങ്കിലും ബന്ധുക്കളും, നാട്ടുകാരും സുഹൃത്തുക്കളും അവരുടെ വരവിനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയായിരുന്നു . ജലീൽ കോട്ടവാതുക്കൽ, നെജിബ് കാഞ്ഞിരപ്പള്ളി , ജാഫർ ജലിൽ തുടങ്ങിയവർക്കൊപ്പം വാർഡ് മെബർ സുനിൽ തേനംമാക്കൽ കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവച്ചു .