എം.ജി തെരഞ്ഞെടുപ്പ്; കോട്ടയത്ത് 28 കോളേജിൽ വിജയമുറപ്പിച്ച് എസ്എഫ്ഐ
കോട്ടയം : എം.ജി സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലേക്ക് മാർച്ച് 15 ന് നടക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ നാമനിർദേശിക പത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 38 കോളേജുകളിൽ 28 ലും എസ്എഫ്ഐ വിജയം ഉറപ്പിച്ചു. പ്രസിഡൻഷ്യൽ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന എട്ട് കലാലയങ്ങളിൽ ഏഴും എസ്എഫ്ഐ എതിരില്ലാതെ നേടി. നാട്ടകം ഗവ. കോളേജ്, എസ്എൻ കോളേജ് കുമരകം, ഡിബി കോളേജ് തലയോലപ്പറമ്പ്, ഐഎച്ച്ആർഡി ഞീഴൂർ, സ്റ്റാസ് പുല്ലരിക്കുന്ന്, ഐസിജെ പുല്ലരിക്കുന്ന്, ലൈബ്രറി സയൻസ്, എന്നീ ക്യാമ്പസുകളിൽ മുഴുവൻ യൂണിയൻ സീറ്റുകളും എസ്എഫ്ഐ വിജയിച്ചു. പയ്യപ്പാടി ഐഎച്ച്ആർഡി കോളേജിൽ ചെയർമാൻ സീറ്റിൽ മാത്രമാണ് മത്സരം. മറ്റ് സീറ്റുകൾ എസ്എഫ്ഐ നേടി.
പാർലമെന്ററി രീതിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 28 ക്യാമ്പസുകളിൽ 18 ലും യൂണിയൻ ഭരണം നേടാനാവശ്യമായ ക്ലാസ് പ്രതിനിധികളുടെ ഭൂരിപക്ഷം എസ്എഫ്ഐ എതിരില്ലാതെനേടി. ഹെൻട്രി ബേക്കർ മേലുകാവ്, ശ്രീ ശബരീശ, പാലാ സെന്റ് തോമസ്, ഉഴവൂർ സെന്റ് സ്റ്റീഫൻസ്, മാർ കുര്യാക്കോസ് പുതുവേലി കോളേജ്, ശ്രീ മഹാദേവ വൈക്കം, എസ്‌വിആർ വാഴൂർ, പിജിഎം കങ്ങഴ, ഡിബി കോളേജ് കീഴൂർ, വിശ്വഭാരതി ഞീഴൂർ, സെന്റ് മേരീസ് മണർകാട്, എസ്എൻ കോളേജ് ചാന്നാനിക്കാട്,
ഏറ്റുമാനൂരപ്പൻ കോളേജ്, പായിപ്പാട് അമാൻ കോളേജ്, സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ കുരിശുംമൂട്, കുറവിലങ്ങാട് ദേവമാതാ, കെഇ കോളേജ് മാന്നാനം, സിഎംഎസ് കോളേജ് കോട്ടയം എന്നീ കോളേജുകളിലാണ് നോമിനേഷന്റെ ഘട്ടത്തിൽ തന്നെ യൂണിയൻ ഭരണം നേടാനാവശ്യമായ കേവലഭൂരിപക്ഷം എസ്എഫ്ഐ എതിരില്ലാതെ മറികടന്നത്. ജില്ലയിൽ കെഎസ്‌യുവും എബിവിപിയും തകർന്നടിഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന രാമപുരം മാർ അഗസ്തിനോസ്, കാഞ്ഞിരപ്പള്ളി ഷെയർ മൗണ്ട് എന്നീ ക്യാമ്പസുകളിൽ എസ്എഫ്ഐ സമ്പൂർണ്ണ വിജയം നേടിയിരുന്നു.
കെഎസ്‌യു ഉയർത്തുന്ന കൊലപാതക രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തി പുരോഗമന രാഷ്ട്രീയത്തെ വിദ്യാർഥികൾ ഹൃദയത്തിലേറ്റിയതിന് തെളിവാണ് ഈ വിജയമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ്, സെക്രട്ടറി എം എസ് ദീപക് എന്നിവർ പറഞ്ഞു.