വനിതാ ദിനത്തോടനുബന്ധിച്ച് പാറത്തോട് പഞ്ചായത്തിലെ വനിതകൾ നടത്തിയ “രാത്രി നടത്തം” ശ്രദ്ധേയമായി
പാറത്തോട് : രാത്രി എട്ടുമണി കഴിഞ്ഞാൽ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന സമൂഹത്തിന്റെ അലിഖിത നിയമത്തിനെതിരെ ശബ്‍ദമുയർത്തി, പ്രായഭേദമന്യേ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പൊതുയിടങ്ങളിൽ രാത്രിയിൽ സുരക്ഷിതമായി സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി, വനിതാ ദിനത്തിന് മുന്നോടിയായി പാറത്തോട് പഞ്ചായത്തിലെ വനിതകൾ ‘രാത്രി നടത്തം’ പരിപാടിയിൽ പങ്കെടുത്തു. പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹനൻ പരിപാടി ഉദ്‌ഘാടനം ചെയ്തു .
വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ICDS വിഭാഗം സംഘടിപ്പിച്ച രാത്രി നടത്തത്തിൽ പാറത്തോട് പഞ്ചായത്തിലെ കുടുബശ്രീ, അംഗൻവാടി പ്രവർത്തകർ , വനിതാ ജനപ്രതിനിധികൾ മുതലായവർ പങ്കെടുത്തു. പാറത്തോട് കവല മുതൽ, പൊടിമറ്റം സെന്റ് ഡൊമിനിക്‌സ് കോളേജ് പടിക്കൽ വരെ, രാത്രി എട്ടരയോടെ മെഴുകുതിരികൾ കത്തിച്ചുപിടിച്ചുകൊണ്ട് നിരവധി സ്ത്രീകളും പെൺകുട്ടികളും ആവേശപൂർവം രാത്രി നടത്തത്തിൽ പങ്കെടുത്തു.
രാത്രികൾ പുരുഷന്മാർക്ക് മാത്രം അവകാശപ്പെട്ടതല്ല, സ്ത്രീകൾക്കും കൂടിയുള്ളതാണ് … സ്ത്രീകൾക്കും, പെൺകുട്ടികൾക്കും പൊതുയിടങ്ങളിൽ രാത്രിയിൽ ഭയമില്ലാതെ സഞ്ചരിക്കുവാൻ മതിയായ സുരക്ഷ ഒരുക്കണം .. റാലിയിൽ പങ്കെടുത്ത സ്ത്രീകൾ ഐക്യകണ്ഡേന ആവശ്യപ്പെട്ടു..