എരുമേലി ക്ഷേത്രത്തിൽ 15 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
എരുമേലി : ഒരേ സമയം അഞ്ഞൂറോളം പേർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും സൗകര്യമുള്ള വിപുലമായ അന്നദാന സമുച്ചയം ഉൾപ്പെടെ 15 കോടി രൂപ ചെലവിടുന്ന നിർമാണ പ്രവർത്തനങ്ങൾ എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ (വലിയമ്പലം) തുടങ്ങി. ഇതിനായി അഞ്ച് പതിറ്റാണ്ടോളം പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കിയാണ് നിർമാണം ആരംഭിച്ചിരിക്കുന്നത്.
കിഫ്‌ബി ഫണ്ടിൽ നിന്നാണ് 15 കോടി അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചിരുന്നു. അന്നദാന കേന്ദ്രത്തോടൊപ്പം 16 മുറികൾ ഉൾപ്പെടുന്ന അതിഥി മന്ദിരവും നിർമിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ അറിയിച്ചു. ക്ഷേത്രത്തിൽ എത്തുന്ന ഭരണത്തലവന്മാർ ഉൾപ്പടെ വി ഐ പി കൾക്കും മറ്റുമുള്ള വിശ്രമ സൗകര്യം മുൻനിർത്തിയാണ് വിപുലമായ സൗകര്യങ്ങൾ നിറഞ്ഞ അതിഥി മന്ദിരം നിർമിക്കുന്നത്. ഇതിന് പുറമെ വിപുലമായ വാഹന പാർക്കിംഗ് സൗകര്യവുമുണ്ടാകും.
സൗകര്യങ്ങൾ പരിമിതമായ കെട്ടിടങ്ങളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇവ പൊളിച്ചു മാറ്റിയാണ് പുതിയ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നതെന്ന് ദേവസ്വം ബോർഡ് അസി എഞ്ചിനീയർ വിജയമോഹൻ പറഞ്ഞു.
ശബരിമല തീർത്ഥാടനത്തിനായി പതിനായിരക്കണക്കിന് അയ്യപ്പ ഭക്തർ എത്തുന്ന പ്രധാന ക്ഷേത്രമാണ് എരുമേലിയിലേത്. എന്നാൽ ഇതിന് അനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കാനായിട്ടില്ലെന്ന് ആക്ഷേപം നാളുകളായുണ്ട്. പുതിയ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ സൗകര്യം ഒരുക്കാൻ കഴിയും. മണ്ഡല മകരവിളക്ക് ഉത്സവ കാലമായ രണ്ടര മാസമാണ് മുമ്പ് അയ്യപ്പ ഭക്തരുടെ തിരക്ക് പ്രകടമായിരുന്നത്. എന്നാൽ എല്ലാ മലയാള മാസങ്ങളുടെ ആദ്യ ആഴ്ചകളിലും വിഷു ഉൾപ്പടെ ശബരിമല വിശേഷ ദിനങ്ങളിലും വൻ തോതിൽ അയ്യപ്പ ഭക്തർ എത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സൗകര്യം ഒരുക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾക്കും അന്നദാന കേന്ദ്രം ഉപയോഗിക്കാൻ കഴിയും.
ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ശബരിമല മാസ്റ്റർ പ്ലാനിൽ എരുമേലിയെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മാസ്റ്റർ പ്ലാനിൽ നടപ്പിലാക്കാൻ തയ്യാറാക്കുന്ന വികസന പ്രവർത്തനങ്ങളിൽ എരുമേലി ക്ഷേത്രത്തോട് അനുബന്ധിച്ച് കൂടുതൽ വികസന പ്രവൃത്തികൾ ഉൾപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. അയ്യപ്പ ഭക്തർക്ക് സ്നാനം നടത്താൻ വിപുലമായ സൗകര്യങ്ങളും വലിയ തോട്ടിൽ ജല ശുദ്ധീകരണ പ്ലാന്റും അടക്കം ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.