ബസ് സമരത്തിൽ വലഞ്ഞ് പൊതുജനം ; പൊൻകുന്നത്ത് കെ.എസ്.ആർ .ടി.സി.അധിക സർവ്വീസുകൾ നടത്തി
കാഞ്ഞിരപ്പള്ളി : അനിശ്ചിതകാല സ്വകാര്യ ബസ് സമരം പൊതുജനത്തെ വലച്ചു. നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ നിരത്തോഴിഞ്ഞതോടെ ജനം തെരുവിലായി. സമരം നേരിടാൻ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തിയെങ്കിലും ജനങ്ങൾക്ക് ആശ്വാസമായില്ല . മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജ് ആറു രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്.
സ്വകാര്യ ബസ് സമരം കണക്കിലെടുത്ത് പൊൻകുന്നം ഡിപ്പോയിൽ നിന്നും കെ.എസ്.ആർ.ടി.സി അഞ്ച് അധിക സർവ്വീസുകൾ നടത്തി. വ്യാഴാഴ്ച ഡിപ്പോയിൽ നിന്നും 31 ബസുകൾ 31 സർവ്വീസുകളാണ് നടത്തിയത്. പണിമുടക്ക് കണക്കിലെടുത്ത് കോട്ടയം – മുണ്ടക്കയം റൂട്ടിൽ അധിക 3 സർവ്വീസുകളും പാലാ – പൊൻകുന്നം റൂട്ടിൽ 2 അധിക സർവ്വീസുകളും ഇതിലുൾപ്പെടും.
സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ മേഖലയിലാണ് ജനം ശരിക്കും പെട്ടുപോയത്. ഇവിടങ്ങളിൽ കെഎസ്ആർടിസി പതിവ് സർവീസുകൾ പോലും നടത്തിയില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. പരീക്ഷയ്ക്ക് പോകുന്ന വിദ്യാർഥികളും ഓഫീസ് ജോലിക്കാരും വഴിയിൽ കുടുങ്ങി
സ്വകാര്യ ബസ് സമരം മൂലം കെഎസ്ആർടിസി ദീർഘദൂര ബസുകളിലും യാത്രക്കാർ തിങ്ങിനിറഞ്ഞു. ഇതോടെ ദീർഘദൂര ബസുകൾക്കും സമയക്രമം പാലിക്കാൻ കഴിഞ്ഞില്ല. ബസുകൾ പലതും വൈകിയതോടെ ജോലിക്കാർക്കൊന്നും സമയത്ത് ഓഫീസിലെത്താൻ കഴിഞ്ഞില്ല.