കാഞ്ഞിരപ്പള്ളി സെന്റ് മേരീസിന്റെ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെയ്സ് മരിയ പടിയിറങ്ങുന്നു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെയ്സ് മരിയ പടിയിറങ്ങുന്നു. മൂന്ന് വർഷമായി ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ചിരുന്ന സിസ്റ്ററിന്റെ കാലത്ത് കേന്ദ്ര, സംസ്ഥാന അവാർഡുകളും നിരവധി പുരസ്കാരങ്ങളും സ്കൂളിന് നേടിയെടുക്കാൻ കഴിഞ്ഞു.
പെൺകുട്ടികൾ ഉത്തരവാദിത്വബോധമുള്ളവരും പ്രതികരണശേഷിയുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായി വളർന്നുവരണമെന്നതായിരുന്നു സിസ്റ്ററിന്റെ കാഴ്ചപ്പാട്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പരിസരം മോടി പിടിപ്പിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്താൻ ഈ പ്രധാനാധ്യാപികയ്ക്കു കഴിഞ്ഞു. തുടർച്ചയായ വർഷങ്ങളിൽ എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയവും കൂടുതൽ എ പ്ലസ് നേടുന്ന വിദ്യാലയമെന്ന ഖ്യാതിയും ഇക്കാലയളവിൽ നേടാനായി. ജൈവ പച്ചക്കറി കൃഷി, പരിസ്ഥിതി സൗഹൃദ പരിപാടികൾ, പ്ലാസ്റ്റിക് വിരുദ്ധ മുന്നേറ്റം എന്നിവയും എടുത്തുപറയേണ്ട നേട്ടങ്ങളുടെ പട്ടികയിൽപ്പെടുന്നു.