നിർമാണസാമഗ്രികളുടെ വില കുത്തനേ കൂടി കെട്ടിടനിർമാണമേഖല വൻ പ്രതിസന്ധിയിൽ
പെട്രോൾ, ഡീസൽ വിലവർധനയ്ക്കൊപ്പം നിർമാണത്തിനാവശ്യമായ എല്ലാ വസ്തുക്കൾക്കും വില കുത്തനേകൂടിയതോടെ കെട്ടിട നിർമാണമേഖല വലിയ പ്രതിസന്ധിയിൽ. സിമന്റ്, സ്റ്റീൽ, കന്പി, പിവിസി, മണൽ, എംസാന്‍ഡ് തുടങ്ങിയ എല്ലാ സാധനങ്ങൾക്കും 30 ശതമാനം മുതൽ 50 ശതമാനം വരെയാണു വില കൂടിയിരിക്കുന്നത്.
കോവിഡ് കാലത്ത് ആരംഭിച്ച വിലക്കയറ്റം ഇപ്പോഴും ഓരോ ദിവസവും തുടരുകയാണ്. യുദ്ധം തുടങ്ങിയ കഴിഞ്ഞ ഒരുമാസത്തിനിടയിൽ 10 ശതമാനം വില വീണ്ടും കൂടി. സാധനസാമഗ്രികളുടെ വില വർധിച്ചതോടെ നിർമാണച്ചെലവ് ചതുരശ്രയടിക്ക് 250-300 രൂപ വരെ കൂടി. ഒരു മാസത്തിനു മുന്‍പ് ഒരു ചാക്ക് സിമന്റിന് 340 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 450 രൂപയായി. കന്പി കിലോയ്ക്ക് 68 രൂപയായിരുന്നത് 86 രൂപയിലെത്തി.
സ്റ്റീലിനു 100 ശതമാനം വില വർധനവാണുണ്ടായിരിക്കുന്നത്. ഒരു മാസം മുന്‍പുവരെ 48 രൂപയായിരുന്നത് ഇപ്പോൾ 96 ആയി. അടുത്തയാഴ്ച 100 രൂപയിലെത്തുമെന്നാണ് പറയുന്നത്. അലുമിനിയത്തിനു 114 ശതമാനമാണു വിലവർധനവുണ്ടായിരിക്കുന്നത്. കിലോയ്ക്ക് 350 രൂപയുണ്ടായിരുന്നത് ഇപ്പോൾ 750 രൂപയിലെത്തി. പിവിസി പൈപ്പിനും വില വർധിച്ചു.
അഞ്ചു മീറ്ററിന് 1263 രൂപയായിരുന്നത് ഇപ്പോൾ 1518 ലെത്തി. ഇലക്ട്രിക് വയറിന് ഒരു റോളിന് 895 രൂപയുണ്ടായിരുന്നത് 1140 രൂപയിലെത്തി. പലയിടത്തും നിർമാണമേഖലയിൽ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. പുതിയ പണികൾ ഒരിടത്തും തുടങ്ങുന്നില്ലെന്നു മാത്രമല്ല പലയിടത്തും നടന്നുകൊണ്ടിരുന്ന നിർമാണങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
പൊതുമരാമത്ത് നിർമാണമേഖലയിലും വിലവർധന വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ടാറിന് ഒരു വീപ്പയ്ക്ക് 6000 രൂപയായിരുന്നത് ഇപ്പോൾ 11000 രൂപയിലെത്തി. മണലിനും വില കൂടി. കരിങ്കല്ലിനും മെറ്റലിനും 45 ശതമാനമാണു വില വർധിച്ചിരിക്കുന്നത്. ഒരു അടിക്ക് ഇപ്പോൾ 45 രൂപയാണ് ക്വാറികളിൽ മേടിക്കുന്നത്.
പൊതുമരാമത്ത് മേഖലയിലെ കരാറുകാർ പ്രതിസന്ധിയിലായിരിക്കുകയാണ്. നിരവധി പാലങ്ങളുടെയും റോഡുകളുടെയും പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ആരും പുതിയ കരാർ ഏറ്റെടുക്കാൻ തയാറാകുന്നില്ല. കരാർ വച്ചുകഴിഞ്ഞു സാധനങ്ങൾക്കുണ്ടാകുന്ന വില വർധന മൂലമുണ്ടാകുന്ന നഷ്ടം തരാമെങ്കിൽ പണികൾ ഏറ്റെടുക്കാമെന്നാണു കരാറുകാർ പറയുന്നത്.
കരാറുകാരുടെ അവകാശപ്രഖ്യാപന സമ്മേളനം അഞ്ചിന്
കോട്ടയം: അസാധാരണ വിലക്കയറ്റവും മറ്റു പ്രശ്നങ്ങളുംമൂലം നിർമാണപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം ഇല്ലാതാക്കുന്നതിന് ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികൾക്കു മുന്നോടിയായി ഏപ്രിൽ അഞ്ചിനു തിരുവനന്തപുരത്ത് കരാറുകാരുടെ അവകാശ പ്രഖ്യാപനസമ്മേളനം നടത്തും. വി.കെ.സി. മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഏകോപന സമിതി കണ്‍വീനർ വർഗീസ് കണ്ണന്പള്ളി അവകാശരേഖ അവതരിപ്പിക്കും. ബിൽഡേഴ്സ് അസോസിയേഷൻ ഉൾപ്പെടെ എല്ലാ പ്രധാന സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും. പെട്രോൾ-ഡീസൽ വിലകളിലുണ്ടാകുന്ന നേരിയ വർധനപോലും നിർമാണ ചെലവിൽ വലിയ വർധനവുണ്ടാക്കും. മറ്റു കാരണങ്ങളാലും നിർമാണവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും സാധാരണമായിരിക്കുന്നു.
വിപണി നിരക്കുകൾക്കനുസരിച്ചു കരാർ തുകകളിൽ മാറ്റം വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറായാൽ മാത്രമേ കടക്കെണിയിൽ നിന്നും കരാറുകാർക്കു മോചനമുള്ളൂ. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നു കരാറുകാരുടെ സംഘടനകളുടെ എകോപന സമിതി കണ്‍വീനറും കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ വർഗീസ് കണ്ണന്പള്ളി പറഞ്ഞു.