ആത്മീയതയ്‌ക്കൊപ്പം ആരാമഭംഗിയും; ഇത് ഫാ. മടുക്കക്കുഴിയുടെ കൈപ്പുണ്യം
കാഞ്ഞിരപ്പള്ളി: പള്ളിമുറ്റത്തെ മലര്‍വാടിയാക്കി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി. കൂവപ്പള്ളി പള്ളിയുടെ അങ്കണമാണു വികാരിയ ഫാ. ഇമ്മാനുവേല്‍ ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും മികച്ച തോട്ടമാക്കി മാറ്റിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിലൊന്നും കാണാത്ത ചെടികളും പഴ വര്‍ഗങ്ങളുമൊക്കെ ഇവിടെ സമൃദ്ധമായി വളരുന്നു.
വര്‍ഷത്തില്‍ മൂന്നുതവണ കായ്‌ക്കുന്ന വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി ഇനത്തില്‍പ്പെട്ട 50 പ്ലാവുകളാണ് കൃഷി ചെയ്‌തിരിക്കുന്നത്. 25 എണ്ണത്തില്‍ നിന്നു കായ്‌ഫലം ലഭിച്ചു തുടങ്ങി. വിളഞ്ഞ ചക്കകള്‍ ഞായറാഴ്‌ച കുര്‍ബാനയ്‌ക്കു ശേഷം വിശ്വാസികള്‍ വാങ്ങിക്കൊണ്ടുപോകും. എല്ലാ സീസണിലും കായ്‌ക്കുന്ന മൂന്നിനം പ്ലാവുകള്‍, മൂന്നിനം പേര എന്നിവയും ഇവിടെയുണ്ട്. പയര്‍, വെണ്ട, വഴുതന,കോവല്‍, മുളക്, തക്കാളി, വെള്ളരിക്ക, പടവലങ്ങ എന്നിങ്ങനെ പച്ചക്കറികളെല്ലാം സുലഭം. കപ്പ, കാച്ചില്‍, ചേന, ചേമ്പ് എന്നിവ ടണ്‍ കണക്കിനു വിളയിച്ചു വില്‍പ്പന നടത്തി. വിവിധയിനം വാഴകളും തോട്ടത്തില്‍ നിന്നു മികച്ച വിളവു നല്‍കുന്നു. വിഷമയമില്ലാത്ത പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും വാങ്ങാന്‍ ഇടവകയ്‌ക്കു പുറത്തു നിന്നുള്ളവരും എത്താറുണ്ട്.