ജെസ്‌നയ്ക്കായി സിബിഐ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു; ഇന്റർപോളിന് യെലോ നോട്ടിസ് നൽകി
കാഞ്ഞിരപ്പള്ളി : നാല് വർഷങ്ങൾക്ക് മുൻപ്കാ, ദുരൂഹ സാഹചര്യത്തിൽ കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്ന ജെസ്ന മരിയ ജയിംസിനായി സിബിഐ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. 2018 മാർച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. അന്വേഷണ ഏജൻസികൾ പലതും മാറി വന്നിട്ടും ഇതുവരെ ജെസ്നയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് 2021 ഫെബ്രുവരിയിൽ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്.
കാണാതാവുന്ന 2018 മാർച്ച് 22ന് ജെസ്ന അയൽവാസി സിജോമോന്റെ ഓട്ടോറിക്ഷയിൽ വീട്ടിൽ നിന്ന് രാവിലെ 9.20ന് പുറപ്പെട്ടു. അടുത്തുള്ള ടൗണായ മുക്കൂട്ടുത്തറയിലെത്തിയ ജെസ്ന അവിടെനിന്ന് കോട്ടയം – ചാത്തൻതറ റൂട്ടിലോടുന്ന തോംസൺ ട്രാവൽസ് പ്രൈവറ്റ് ബസിൽ എരുമേലിയിലേക്ക് യാത്രയായി. എരുമേലിയിൽ വച്ച് സ്കൂളിൽ ജൂനിയർ വിദ്യാർഥിയായിരുന്ന ഫിറോസ് കെ. ഫൈസലും അമ്മ ഷെഫീനയും ജെസ്നയെ കണ്ടു. യാത്രയിൽ ഇരുവരും മാത്രമാണു ജെസ്നയെ കണ്ടത്.
സിബിഐ കേസ് ഏറ്റെടുത്തതിന് ഒരു വർഷത്തിനു ശേഷമാണു ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നത്. കേസ് അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റർപോളിന് യെലോ നോട്ടിസ് നൽകിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. കേസിലേക്ക് സഹായകരമായ വിവരങ്ങൾ എന്തെങ്കിലും ലഭിച്ചാൽ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സിബിഐ പുറത്തിറക്കിയ നോട്ടിസിൽ പറയുന്നു. ജസ്നയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണ് നോട്ടിസ് പുറത്തിറിക്കിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു ജെസ്ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്നയെ പിന്നീട് കണ്ടിട്ടില്ല. മകൾ തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിൽ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി; ഫലമുണ്ടായില്ല.
തിരോധാനം നിയമസഭയിലും കോലാഹലങ്ങൾക്കു വഴിവച്ചു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പുണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. എരുമേലി വരെ ജെസ്ന പോയതായി സിസി ടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു.
ക്രൈം ബ്രാഞ്ച് വിശദീകരണത്തിൽനിന്ന്:
2018 ഒക്ടോബർ 12നാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതെന്നു വിശദീകരണത്തിൽ അറിയിച്ചു. കാണാതാവുന്ന 2018 മാർച്ച് 22ന് ജെസ്ന അയൽവാസി സിജോമോന്റെ ഓട്ടോറിക്ഷയിൽ വീട്ടിൽനിന്ന് രാവിലെ 9.20ന് പുറപ്പെട്ടു. അടുത്തുള്ള ടൗണായ മുക്കൂട്ടുത്തറയിലെത്തിയ ജെസ്ന അവിടെനിന്ന് കോട്ടയം – ചാത്തൻതറ റൂട്ടിലോടുന്ന തോംസൺ ട്രാവൽസ് പ്രൈവറ്റ് ബസിൽ എരുമേലിയിലേക്ക് യാത്രയായി. എരുമേലിയിൽ വച്ച് സ്കൂളിൽ ജൂനിയർ വിദ്യാർഥിയായിരുന്ന ഫിറോസ് കെ. ഫൈസലും അമ്മ ഷെഫീനയും ജെസ്നയെ കണ്ടു. യാത്രയിൽ ഇരുവരും മാത്രമാണു ജെസ്നയെ കണ്ടത്.
ഫിറോസും മാതാവും കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കായി പോയതാണ്. ജെസ്ന പിന്നീട് എരുമേലി–മുണ്ടക്കയം റൂട്ടിലോടുന്ന ശിവഗംഗ എന്ന ബസിൽ രാവിലെ പത്തിനു കയറി. മുണ്ടക്കയത്ത് രാവിലെ 10.30ന് എത്തേണ്ട ബസാണിത്. ഈ യാത്രയിൽ കണ്ണിമല സർവീസ് കോ–ഓപ്പറേറ്റീവ് ബാങ്കിന്റെയും കരിനിലം എന്ന സ്ഥലത്തുള്ള സ്വകാര്യ വ്യക്തിയുടെ വീടിന്റെയും ക്യാമറകളിൽ ജെസ്നയുടെ ദൃശ്യം പതിഞ്ഞിരുന്നു. എന്നാൽ കരിനിലത്തിനുശേഷം ജെസ്നയെക്കുറിച്ച് വിവരമില്ല. ജെസ്‌നയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് എല്ലാവിധ പരിശ്രമവും നടത്തി. പക്ഷേ ഇതുവരെ ഫലം കണ്ടിട്ടില്ല. ജെസ്‌നയെ കണ്ടെത്താൻ കഴിയുന്നതിന് തടസ്സമാകുന്ന ഒട്ടേറെ കാരണങ്ങളും റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വിശദീകരിച്ചു.
ജെസ്‌നയെന്നു കരുതുന്ന പെൺകുട്ടി നടന്നു വരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർ കൂടി ഉണ്ടെന്നത് വ്യക്തമാണ്. ഈ ദൃശ്യങ്ങൾ ആരുടേതെന്ന് ഇന്നും അറിയില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ച് വിവരം തേടി. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
2020 മേയിൽ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി ജെസ്നയെക്കുറിച്ച് വ്യക്തമായ ചില വിവരങ്ങൾ കിട്ടിയെന്ന സൂചന പുറത്തുവിട്ടതോടെ വിഷയം വീണ്ടും വഴിത്തിരിവിലെത്തി. വാർത്തയ്ക്കു പിന്നാലെ അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ, ജെസ്നയുടെ വെച്ചൂച്ചിറയിലെ വീട്ടിൽ സന്ദർശനം നടത്തിയതും ഊഹോപോഹങ്ങൾക്കു വഴിവച്ചു. ഇതിനിടെ ബെംഗളൂരുവിൽ ജെസ്‌നയെ കണ്ടതായി പ്രചാരണമുണ്ടായി. എന്നാൽ അതും ശരിയല്ലെന്നായിരുന്നു കണ്ടെത്തൽ. ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ഇന്ത്യയൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും സംഘം തിരിഞ്ഞ് അന്വേഷണം നടത്തി വരികയാണ്.