എ.കെ.ജെ.എം. സ്കൂളിൽ അവാർഡ് ഡേ ആഘോഷിച്ചു.

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വാർഷികവും അവാർഡ് ഡേയും നടത്തി. ഡൽഹി ദീപിക അസ്സോസിയേറ്റ് എഡിറ്ററും ചീഫ് ഓഫ് ബ്യുറോയും എ.കെ.ജെ.എം. സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ജോർജ് കള്ളിവയലിൽ നിലവിളക്കു കൊളുത്തി വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാ. സ്റ്റീഫൻ സി.തടം എസ്.ജെ. അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ലിന്റോ ആന്റോ എസ്.ജെ. സ്വാഗതം ആശംസിച്ചു. കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി., പ്ലസ് ടു വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 131 വിദ്യാർത്ഥികളെയും ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്.ജെ. വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും കഴിഞ്ഞ അധ്യയന വർഷത്തെ ജെം, ജുവൽ, മികച്ച സോഷ്യൽ വർക്കർ എന്നിവരെ പ്രഖ്യാപിക്കുകയും ചെയ്തു.

ജെം ആയി തെരെഞ്ഞെടുക്കപ്പെട്ട സെറിൻ ബിനോയ്, ജുവൽ ആയി തെരെഞ്ഞെടുക്കപ്പെട്ട ആദർശ് സ്റ്റാലു, സാമൂഹ്യ സേവനത്തിനുള്ള ജിക്കു ഡി തോമസ് പുരസ്‌കാരം നേടിയ അൽഫിൻ അപ്രേം എന്നിവരെ അവാർഡ് നൽകി ആദരിച്ചു. കൂടാതെ കയ്യെഴുത്തു മാസിക, എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ്, വിശുദ്ധ ഇഗ്നേഷ്യസിന്റെ അഞ്ഞൂറാം വാർഷികത്തോടനുബന്ധിച്ചു നടന്ന മത്സരങ്ങൾ മുതലായവയിൽ സമ്മാനാർഹരായവർക്കും അവാർഡുകൾ വിതരണം ചെയ്തു.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, സ്കൂൾ പി.ടി.എ. പ്രസിഡന്റ് ജോബി മാത്യു പന്തിരുവേലിൽ, എം.പി.ടി.എ. പ്രസിഡന്റ് എലിസബത്ത് വി. വർഗീസ് കൊച്ചുപറമ്പിൽ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് മാത്യു ഡൊമിനിക്ക് കരിപ്പാപ്പറമ്പിൽ, സെക്രട്ടറി ടോമി കരിപ്പാപ്പറമ്പിൽ, കാഞ്ഞിരപ്പള്ളി വാർഡ് മെമ്പർ മഞ്ജു മാത്യു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ദീപിക സബ് എഡിറ്ററും, സ്കൂളിലെ വിദ്യാർത്ഥികളായ മൂന്നു കുട്ടികളുടെ പിതാവും മിമിക്രി ആർട്ടിസ്റ്റുമായ പ്രദീപ് ഗോപി ആശംസകൾ അർപ്പിച്ചു. കാഞ്ഞിരപ്പള്ളി സമന്വയ ജെസ്യൂട്ട് ഹൗസിൽ നിന്നുള്ള വൈദികർ, സിസ്റ്റേഴ്സ്, മാതാപിതാക്കൾ തുടങ്ങി ഒട്ടേറെപ്പേർ ചടങ്ങിൽ സംബന്ധിച്ചു. വൈവിധ്യമാർന്ന പരിപാടികൾ ചടങ്ങിന് മോടി കൂട്ടി. കൂടാതെ എ.കെ.ജെ.എം. സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച്‌ ഈ വർഷം സ്കൂളിൽനിന്ന് റിട്ടയർ ചെയ്യുന്ന ഓഫീസ് സ്റ്റാഫ് ആന്റണി എൻ എക്സ്, അധ്യാപകരായ അച്യുതൻ കെ പി, പി ബി സുരേഷ്ബാബു എന്നിവർക്ക് തദവസരത്തിൽ യാത്ര മംഗളങ്ങളും നേർന്നു. സ്റ്റാഫ് സെക്രട്ടറി ടോമി ജോസ് കൃതജ്ഞത അർപ്പിച്ചു.

error: Content is protected !!