പൊൻകുന്നം – പാലാ റോഡിൽ പൈകയിൽ കാറുകൾ കൂട്ടിയിടിച്ച് 2 മരണം; 5 വർഷം, മരണം 51…

പൊൻകുന്നം –പാലാ റോഡിൽ പൈകയിൽ കാറുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു; 7 പേർക്കു പരുക്കേറ്റു. വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും ആശുപത്രിയിൽ നിന്നു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറുമാണു കൂട്ടിയിടിച്ചത്. ഉടുമ്പന്നൂർ കാഞ്ഞിരത്തുങ്കൽ ഇസ്മായിലിന്റെ ഭാര്യ കുമളി അട്ടപ്പള്ളം നേതാജി നഗർ മേട്ടിൽ ഷംല (47), ഇടുക്കി ബൈസൺവാലി മുട്ടുകാട് വാഴക്കല്ലുങ്കൽ നാരായണൻ (മണി–65) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് അപകടം.

ഷംലയുടെ മകൻ ഷിയാസ് (24), ഭാര്യ സുൽഫി (21), ഇവരുടെ 5 മാസം പ്രായമുള്ള മകൻ ഇയാൻ എന്നിവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാനെ ആശുപത്രിയിൽ കാണിച്ചു മടങ്ങുമ്പോഴാണ് അപകടം. മണിയുടെ സഹോദരൻ പാറത്തോട് സ്വദേശി ഹരിദാസ് (64), ഹരിദാസിന്റെ ഭാര്യ ഓമന (57), മകൻ അരുൺ (34), മണിയുടെ മറ്റൊരു സഹോദരൻ കട്ടപ്പന സ്വദേശി രാജൻ (65) എന്നിവർ പരുക്കുകളോടെ കോട്ടയം മെഡിക്കൽ ആശുപത്രിയിലാണ്.

നാരായണന്റെ ഭാര്യ: ഓമന. മക്കൾ:  ആര്യ, ഐശ്വര്യ,പരേതയായ അഞ്ജലി. മരുമകൻ: ശ്രീജിത്ത് ഷിയാസ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അരുൺ ഓടിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പാലാ എസ്എച്ച്ഒ കെ.പി.തോംസന്റെ നേതൃത്വത്തിലുള്ള പൊലീ‌സ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

പാലാ – പൊൻകുന്നം റോഡ്: 5 വർഷം, മരണം 51

പാലാ – പൊൻകുന്നം റോഡിൽ വീണ്ടും അപകടം.ഇന്നലെ പൊലി‍ഞ്ഞത് രണ്ടു ജീവൻ.എന്താണ് റോഡിലെ അപകടങ്ങളുടെ കാരണം ?നവീകരണം കഴിഞ്ഞ ശേഷമാണ് അപകടം.

∙ 5 വർഷത്തിനിടെ

അപകടം – 201 എണ്ണം
മരണം – 51
പരുക്ക് (ഗുരുതരം) – 64
പരുക്ക് (നിസ്സാരം) – 87

∙ അപകടരീതി

1. നേരിട്ടുള്ള കൂട്ടിയിടി.
2. നിയന്ത്രണം തെറ്റി മറിയൽ.
3. തെന്നി മറിയൽ.

∙ അപകടസമയം

റോഡിന് നനവുള്ള സമയം. രാത്രി 8നും പുലർച്ചെ 6നും ഇടയിലാണ് കൂടുതൽ അപകടമെന്നു പൊലീസ് റിപ്പോർട്ട്.

∙ അപകടകാരണം

ഡ്രൈവർമാരുടെ അശ്രദ്ധയെന്നു പൊലീസ് റിപ്പോർട്ട്. മഴ നനഞ്ഞ റോഡിൽ റോഡിൽ അമിതവേഗത്തിൽ നിയന്ത്രണം തെറ്റുന്നു. മറ്റു റോഡുകളെക്കാൾ ഗ്രിപ്പ് കുറവെന്നു ഡ്രൈവർമാർക്കു പരാതിയുണ്ട്. വാഹനങ്ങളിലെ തേഞ്ഞ ടയറുകളും മറ്റൊരു കാരണം. വളവുകൾ ഉള്ളതിനാൽ കാഴ്ച അകലം തീരെക്കുറവ്. പോക്കറ്റ് റോഡുകളിൽ ഇവിടെ വേഗ നിയന്ത്രണ സംവിധാനമില്ല. 2–ാം മൈലിൽ വലതു ഭാഗത്തെ വളവിൽ ബസ് സ്റ്റോപ്പ്. റോഡിനു ചെരിവേറെ. വളവിൽ സീബ്രാലൈൻ. അമിതവേഗം നിയന്ത്രിക്കാൻ സംവിധാനമില്ല.

∙ അപകടമേഖല 6.45 കിലോമീറ്റർ

2-ാം മൈൽ മുതൽ മഞ്ചക്കുഴി വരെയുള്ള 6.45 കിലോമീറ്റർ ദൂരമാണ് പ്രധാന അപകട മേഖലയായി നാറ്റ്പാക് പഠന റിപ്പോർട്ടിൽ പറയുന്നത്. അട്ടിക്കൽ, ഒന്നാം മൈൽ, 2–ാം മൈൽ, ഇളങ്ങുളം ക്ഷേത്രം കവല, പനമറ്റം കവല, 5–ാം മൈൽ, മഞ്ചക്കുഴി, കുരുവിക്കൂട്, പൈക എന്നിവയാണ് മറ്റു അപകട മേഖലകൾ. 

∙ രണ്ടിടത്തു ക്യാമറ

പൈക ഗവ.ആശുപത്രിക്കു സമീപം, പൂവരണി എന്നിവിടങ്ങളിൽ സ്പീഡ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. പൈകയിൽ വൺ സൈഡ് ക്യാമറയും മറ്റു രണ്ടിടത്ത് ടൂ സൈഡ് ക്യാമറയുമാണ് സ്ഥാപിച്ചിരിക്കുന്നത്. 

error: Content is protected !!