മരുമകളുടെ അടിയേറ്റ് ഭർതൃമാതാവ് മരിച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിനി യുവതി അബുദാബിയിൽ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി : നവവധുവിന്റെ അടിയേറ്റ് അബുദാബിയിൽ ഭർതൃമാതാവ് മരണപ്പെട്ട സംഭവത്തിൽ യുവതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി പൂതകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്നം സ്വദേശിനിയായ മുല്ലക്കൽ അബ്ദുൽ റഷീദിന്റെയും ഷക്കീലയുടെയും മകൾ ഷജ്ന – 23-നെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബിയ (63) ആണ് മരണപ്പെട്ടത്. അബുദാബിയിലെ ഗയാത്തിയിൽ ഇവരുടെ മകൻ സഞ്ജുവിന്റെ താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അബുദാബിയിലെ ഗയാത്തി അൽ അൻസാരി എക്സ്ചേഞ്ച് ജീവനക്കാരനായ സഞ്ജു ജനുവരിയിലാണ് ഷജ്‌നയെ വിവാഹം ചെയ്തത്. ഓൺലൈനിലൂടെ ആണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഷജ്നയുമായി വിവാഹം നടന്നത്. ഫെബ്രുവരി 15ന് മാതാവിനെയും ഭാര്യയും സന്ദർശക വിസയിൽ അബുദാബിയിലേക്ക് കൊണ്ടുവന്നു. രണ്ടുദിവസമായി ഉമ്മയുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും തിങ്കളാഴ്ച രാത്രി പ്രശ്നം രൂക്ഷമാവുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് അറിയുന്നത് .
ഷജ്നയെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.എംബിഎ ബിരുദധാരിയായ ആയ ഷജ്നയെ ആലപ്പുഴ സ്വദേശി കല്ല്യാണം കഴിച്ചിരുന്നെങ്കിലും ഒരാഴ്ച മാത്രമേ ബന്ധം തുടർന്നുള്ളൂ.