സിൽവർലൈൻ : റെയിൽവേ ബോർഡിന് പാളിച്ചയെന്ന് സൂചന, അനുമതി റദ്ദാക്കണമെന്ന് ആവശ്യം
സിൽവർലൈനിന്റെ പദ്ധതിരേഖകൾ പരിശോധിച്ച് വിലയിരുത്തുന്നതിൽ റെയിൽവേ ബോർഡിന് പാളിച്ച വന്നതായി സംശയം. പ്രാഥമിക, അന്തിമ, വിശദ പദ്ധതിരേഖകൾ ഒന്നായി വിലയിരുത്തിയെങ്കിൽ വൈരുധ്യവും കുറവുകളും മുമ്പേ കണ്ടെത്താൻ കഴിയുമായിരുന്നു. വിശദപദ്ധതി രേഖ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം പരാതികൾ ബോർഡിന് ലഭിച്ചു.
പദ്ധതിരേഖയിൽ ബോർഡ് സ്വീകരിച്ച നിലപാടിനെതിരേ റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് കുമാർ വർമ്മയും രംഗത്തെത്തിയിരുന്നു.
2018-ൽ പദ്ധതിക്ക് സാധ്യതാപഠനം നടത്തിയപ്പോൾ ബ്രോഡ്ഗേജ് പാതയാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ കെ-റെയിലും സിസ്ട്രയും തമ്മിൽ നടന്ന ചർച്ചയിൽ സ്റ്റാൻഡേർഡ് ഗേജ് വേണമെന്ന് കെ-റെയിൽ നിർദേശിക്കുകയായിരുന്നു. പാതയുടെ അധികദൂരവും കടന്നുപോകുന്നത് മേൽപ്പാലങ്ങളിലൂടെ ആയിരിക്കുമെന്നും തീരുമാനിച്ചു. തത്വത്തിലുള്ള അനുമതി കൊടുക്കുമ്പോൾ ഇക്കാര്യങ്ങളാണ് ബോർഡിന് മുന്നിലെത്തിയത്.
രാജ്യത്തെ 98 ശതമാനം തീവണ്ടിപ്പാളങ്ങളും ബ്രോഡ്‌ഗേജിലാണെന്നും മാത്രം സ്റ്റാൻഡേർഡ് ഗേജിലാകുന്നത് പിന്നീട് നഷ്ടമുണ്ടാക്കുമെന്നും തിരുത്താനായില്ല. സ്റ്റാൻഡേർഡ് ഗേജിന് പ്രത്യേകം ബോഗികൾ വേണം. ബ്രോഡ്ഗേജിലാണെങ്കിൽ ഇന്ത്യൻ റെയിൽവേ സംവിധാനവുമായി ബന്ധിപ്പിച്ച് ചരക്കുനീക്കമടക്കം വേഗത്തിൽ ചെയ്യാമായിരുന്നു.
പ്രാഥമിക സാധ്യതാപഠനത്തിലെപ്പോലെ അധികദൂരവും മേൽപ്പാലത്തിലെങ്കിൽ പദ്ധതി മൂലമുള്ള പാരിസ്ഥിതികനാശവും ഭൂമി ഏറ്റെടുക്കലും കുറയ്ക്കാമായിരുന്നു. വൻകെട്ടും ഒഴിവാക്കാൻപറ്റുമായിരുന്നു. ഇൗ വ്യത്യാസങ്ങൾ ബോർഡ്, കെ-റെയിലിനെ അക്കാലത്ത് ധരിപ്പിച്ചതായി രേഖകളില്ല.
ബ്രോഡ്ഗേജ് എന്തുകൊണ്ട് അതിവേഗത്തിന് പറ്റിയതല്ലെന്ന്, റെയിൽവേ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഒാർഗനൈസേഷനെ ഉദ്ധരിച്ചാണ് കെ-റെയിൽ പറഞ്ഞത്. പക്ഷേ, ബ്രോഡ്ഗേജ് പാതകൾ 200 കിലോമീറ്റർ വരെയുള്ള വേഗത്തിന് പറ്റിയതാണെന്ന് ഒാർഗനൈസേഷന്റെ രേഖകളിൽ പറയുന്നുണ്ട്. ഗവേഷണവിഭാഗത്തിന്റെ ഇൗ കണ്ടെത്തൽ കെ-റെയിലിനോട് ബോർഡ് ഉന്നയിക്കാഞ്ഞതും ദുരൂഹമാണ്.
റെയിൽവേഭൂമി പദ്ധതിക്ക് ഒാഹരിയായി വിട്ടുകൊടുക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് ഇപ്പോൾ ബോർഡ് പ്രോജക്ട്സ് വിഭാഗം അറിയിക്കുന്നുണ്ട്. പക്ഷേ, ബോർഡും കെ-റെയിൽ േമധാവികളും ചീഫ് സെക്രട്ടറിയും പങ്കെടുത്ത രേഖകളിൽ മറിച്ചാണ് കാണുന്നത്. സംയുക്ത പരിശോധനയ്ക്ക് തീരുമാനിച്ചെന്നാണ് അതിലുള്ളത്. ഇൗ വൈരുധ്യം വിശദീകരിക്കാനും ബോർഡിന് കഴിഞ്ഞിട്ടില്ല.