മാലിന്യം, റോഡിലൂടെ നടക്കാൻ കഴിയാതെ ജനം

എരുമേലി∙ തോട് ശുചീകരണത്തിന്റെ പേരിൽ നടന്ന ജോലികൾ നാട്ടുകാർക്ക് അധിക ബാധ്യതയായി. തോട്ടിൽ നിന്നു വലിച്ചുവാരിയിട്ടിരിക്കുന്ന മാലിന്യങ്ങൾ മൂലം റോഡിലൂടെ നടക്കാൻ കഴിയാതെ ജനം വിഷമിക്കുന്നു. ശബരിമല സീസണിനു ശേഷമുള്ള പതിവു ശുചീകരണമാണു ജനത്തിനു ബാധ്യതയായിരിക്കുന്നത്. എരുമേലി കൊച്ചുതോട്, വലിയതോട്, പേരൂർത്തോട് എന്നിവിടങ്ങളിലാണു 2 ആഴ്ച മുൻപു ശുചീകരണം നടത്തിയത്. മണ്ണുമാന്തിയും മറ്റും ഉപയോഗിച്ചു തോട്ടിലെ ജൈവ, അജൈവ മാലിന്യങ്ങൾ നീക്കുകയായിരുന്നു. പല കരാറുകളാണ് ഇതിനായി നടത്തിയത്. എന്നാൽ ചില കരാറുകാർ തോട്ടിലെ മാലിന്യം 2 വശങ്ങളിലേക്കു മാറ്റിവച്ചു. വേനൽമഴ പെയ്തതോടെ ഇവ വീണ്ടും തോട്ടിലെത്തി.

എരുമേലി പട്ടണമധ്യത്തിലൂടെ ഒഴുകുന്ന കൊച്ചുതോട്ടിൽ നിന്നു വാരിയെടുത്ത മാലിന്യങ്ങൾ കൈരളി പ്രസ് ജംക്‌ഷനിൽ തുടങ്ങുന്ന റോഡിന്റെ ഓരത്തു തള്ളിയിരിക്കുകയാണ്. കുപ്പിച്ചില്ല് അടക്കമുള്ള വസ്തുക്കൾ നിരന്നു കിടക്കുന്നതു മൂലം ഇതുവഴി യാത്ര പ്രയാസകരമായി. വാഹനങ്ങളുടെ ടയറിനും കേടുപാടു സംഭവിക്കുന്നു. ജൈവമാലിന്യങ്ങൾ  മൂലമുള്ള ദുർഗന്ധം മൂലം നാട്ടുകാരും ദുരിതത്തിലായി. ശബരിമല, പഞ്ചായത്ത് ഫണ്ടുകളിലായി ലക്ഷക്കണക്കിനു രൂപയാണു മാലിന്യ നിർമാർജനത്തിന്റെ പേരിൽ വർഷങ്ങളായി എരുമേലി പഞ്ചായത്ത് ചെലവഴിക്കുന്നത്.  

error: Content is protected !!