നവീകരിച്ച അഞ്ചിലിപ്പ പാലം 18ന് തുറന്നു നൽകും

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്ന് സഞ്ചാര യോഗ്യമല്ലാതിരുന്ന കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഏപ്രിൽ 18 തിങ്കളാഴ്ച മുതൽ പൂർണതോതിൽ ഗതാഗതത്തിനായി തുറന്നു നൽകുമെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനംഗവും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ജെസി ഷാജൻ അറിയിച്ചു . ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പാലം ഗതാഗതത്തിനായി തുറന്നു നൽകും. പ്രളയത്തിൽ തകർ ന്ന കൈവരികളുടെയും അപ്രോച്ച് റോഡിന്റെയും നിർമാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂർത്തീകരിച്ചത്.
കഴിഞ്ഞ ഒക്ടോബർ 16നുണ്ടായ പ്രളയത്തിലാണ് അഞ്ചിലിപ്പ പാലത്തിന്റെ കൈവരികളും അപ്രോച്ച് റോഡുകളും തകർന്നത്. തകർന്ന അപ്രോച്ച് റോഡുവഴി വാഹനഗതാഗതം ദുഷ്കരമായതോടെ ജില്ലാ പഞ്ചായത്ത് അറ്റകുറ്റപ്പണികൾക്കായി 20 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. മണിമല റോഡിൽ നിന്നു പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇരുവശത്തേക്കും ഒരു മീറ്റർ വീതി കൂട്ടിയാണ് അപ്രോച്ച് റോഡ് നവീകരിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തിയാണ് വീതി കൂട്ടാനാവശ്യമായ സ്ഥലം വിട്ടുനൽകിയത്.
വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡിനോടു ചേർന്നുണ്ടായിരുന്ന മൂന്ന് വൈദ്യുതിപോസ്റ്റുകൾ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഇനിയൊരു പ്രളയത്തെ ചെറുക്കാൻ തക്കവിധം ബലവത്തായാണ് അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്ത് പുനർനിർമിച്ചിരിക്കുന്നത്.
അപ്രോച്ച് റോഡിനു പുറമേ പാലത്തിന്റെ കൈവരികളും മാറ്റി സ്ഥാപിച്ചു കഴിഞ്ഞു. എടുത്തുമാറ്റാവുന്ന രീതിയിലുള്ള കൈവരികളാണ് സ്ഥാപിച്ചിരിക്കുന്നത്. കൈവരികളുടെയും കലുങ്കുകളുടെയും പെയിന്റിംഗ് ജോലികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. പാലത്തിലൂടെ ചെറുവാഹനങ്ങൾ ഇപ്പോൾ കടത്തിവിടുന്നുണ്ട്. പാലം18 മുതൽ പൂർണതോതിൽ തുറന്ന് നൽകുമെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനംഗവും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ജെസി ഷാജൻ അറിയിച്ചു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവഹിക്കും.