ശബരിമല ഇടത്താവള വികസന പദ്ധതി: നിർമാണോദ്ഘാടനം 18ന്
എരുമേലി∙ ശബരിമല ഇടത്താവള വികസന പദ്ധതിയിൽ 15 കോടി ചെലവിട്ടു നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമാകുന്നു. എരുമേലി വലിയമ്പലം ക്ഷേത്ര പരിസരത്തു ദേവസ്വം ബോർഡ് സ്ഥലത്താണു വികസന പദ്ധതികൾ നടപ്പാക്കുക. 18നു രാവിലെ 10നു മന്ത്രി കെ.രാധാകൃഷ്ണൻ നിർമാണോദ്ഘാടനം നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. അന്നദാന മണ്ഡപം നിർമിക്കുന്നതിനാണു പ്രധാന പരിഗണന. 4252 ചതുരശ്ര മീറ്ററിലാണു നിർമാണം. 448 പേർക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാനാകും.
നിലവിലുള്ള ഷെൽറ്ററുകൾ കാലപ്പഴക്കംമൂലം സുരക്ഷിതമല്ലാത്തതിനാൽ പൊളിച്ചുനീക്കിയാണു പുതിയതു നിർമിക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർ പേട്ടതുള്ളലിനുശേഷം ഇവിടെ വിശ്രമിച്ചിട്ടാണ് ശബരിമല തീർഥാടനം നടത്താറുള്ളത്. ക്ഷേത്രത്തിനോടു ചേർന്ന് അതിഥി മന്ദിരം നിർമിക്കും. ജനപ്രതിനിധികൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർക്ക് ഉപയോഗിക്കാനാണ് മന്ദിരം. തീർഥാടകർക്കായി അന്നദാന ബ്ലോക്കും പണിയും. നിലവിലുള്ള അന്നദാന കെട്ടിടവും സ്ഥലപരിമിതിയിലാണ്. ശുചിമുറികൾ, ഡോർമിറ്ററി എന്നിവ നിർമിക്കാനും തീരുമാനിച്ചു.
പാചകശാല, ഓഡിറ്റോറിയം എന്നിവയുടെ നിർമാണവും പദ്ധതിയിലുണ്ട്. ശുചിമുറികളോടുകൂടിയ 8 മുറികളും നിർമിക്കും. ദേവസ്വം വക പാർക്കിങ് മൈതാനങ്ങൾ വിപുലപ്പെടുത്തും. കോൺഫറൻസ് ഹാൾ നിർമിക്കും. നിലവിലുള്ള വിശ്രമ കേന്ദ്രങ്ങളും ശുചിമുറികളും പൊളിച്ചു നീക്കി. കിഫ്ബി സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുക. ഇതിനു പുറമേ സംസ്ഥാന സർക്കാർ ബജറ്റിൽ ശബരിമല വികസനത്തിന് വക കൊള്ളിച്ച 30 കോടി രൂപയുടെ പദ്ധതിയിൽ എരുമേലിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, വൈസ് പ്രസിഡന്റ് അനിശ്രീ സാബു, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്.കൃഷ്ണകുമാർ, വാർഡ് അംഗങ്ങളായ വി.ഐ.അജി, പ്രകാശ് പള്ളിക്കൂടം എന്നിവർ ആലോചനാ യോഗത്തിൽ പങ്കെടുത്തു.