കൂട്ടായ്മാവബോധം പ്രതിസന്ധികളിൽ കരുത്താകും: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: കൂട്ടായ്മാവബോധവും പങ്കാളിത്ത മനോഭാവവും പ്രതിസന്ധികളെ അതിജീവിക്കുവാൻ കരുത്തുപകരുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രലിൽ നടന്ന വിശുദ്ധ മൂറോൻ കൂദാശയിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഒരേ തൈലത്താൽ അഭിഷിക്തരാകുന്ന വിശ്വാസിസമൂഹം പരസ്പര സാഹോദര്യത്തിൽ ഐക്യപ്പെട്ടിരിക്കുന്നു. ഒറ്റപ്പെട്ട് മാറിനില്‍ക്കുവാനല്ല കൂട്ടായ്മയിലേയ്ക്കാണ് വിശ്വാസികള്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. പ്രസ്തുത വിശ്വാസബോധ്യത്തിൽ പ്രതിസന്ധികളെ അതിജീവിക്കുവാൻ കഴിയണമെന്നും മാർ ജോസ് പുളിക്കൽ ഉത്‌ബോധിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ മൂറോൻ കൂദാശ തിരുക്കർമ്മങ്ങളിൽ രൂപതയുടെ മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം, സിഞ്ചെല്ലൂസുമാരായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ , ഫാ. കുര്യൻ താമരശ്ശേരി, വൈദികരും സന്യസ്തരുമടങ്ങുന്ന വിശ്വാസിസമൂഹം എന്നിവർ പങ്കുചേര്‍ന്നു. തുടര്‍ന്ന് മഹാജൂബിലി ഹാളിൽ വൈദികദിനസമ്മേളനവും നടത്തപ്പെട്ടു. ഉയര്‍പ്പുതിരുനാളിനുശേഷം വരുന്ന ചൊവ്വാഴ്ചകളിലാണ് കാഞ്ഞിരപ്പള്ളി രൂപതയില്‍ വൈദികദിനം നടത്തപ്പെടാറുള്ളത്.
ആരാധനക്രമ ഗായകസംഘം
കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടന്ന വിശുദ്ധ മൂറോന്‍ കൂദാശയില്‍ 60 അംഗ ഗായകസംഘമാണ് ഗാനശുശ്രൂഷ നിര്‍വ്വഹിച്ചത്. രൂപതാ ആരാധനക്രമ ഗായകസംഘത്തില്‍ രൂപതയുടെ ഹൈറേഞ്ച് ലോറേഞ്ച് മേഖലകളിലെ വിവിധ ഇടവകകളില്‍ നിന്നായി 300 പേരാണ് പരിശീലനം നേടുന്നത്. സന്യസ്തരും വൈദികരും അല്മായരുമുള്‍പ്പെടുന്ന ഗായകസംഘത്തിന് രൂപതാ ആരാധനക്രമവിഭാഗം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കലിന്റെ നേതൃത്വത്തില്‍ അമല സ്‌കൂള്‍ ഓഫ് മ്യൂസിക്കിലെ പ്രശസ്തനായ സംഗീതജ്ഞന്‍ ചെറിയാന്‍ വര്‍ഗ്ഗീസാണ് പരിശീലനം നല്‍കുന്നത്.