പിപി റോഡിൽ വീണ്ടും അപകടം : നായക്കുട്ടിക്ക് വാക്‌സിൻ എടുക്കുവാൻ പോയവഴിക്ക് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു
ഇളങ്ങുളം: പാലാ – പൊൻകുന്നം റോഡിൽ ഇളങ്ങുളം എസ്.എൻ.ഡി.പി. ജംഗ്ഷനും രണ്ടാം മൈലിനുമിടയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് തലകീഴായി മറിഞ്ഞു. കാർ ഓടിച്ചിരുന്ന പനമറ്റം പ്രസന്ന ഭവനിൽ പ്രസന്ന അശോക് (52), ഒപ്പമുണ്ടായിരുന്ന സഹേദദരപുത്രൻ സൂര്യ ( 15 ) എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.
ഇരുവരും സീറ്റു ബെൽറ്റ് ഇട്ടിരുന്നതിനാൽ തെറിച്ചു വീഴാതെ കാറിൽ കുടുങ്ങിക്കിടന്നു. ഓടിക്കൂടിയവരാണ് ഇരുവരെയും പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന നായക്കുട്ടി ടോമി ( 3) യെ വാക്സിനെടുക്കാനായി ഇളങ്ങുളം മൃഗാശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. ഇതിനും പരിക്കില്ല.
ചൊവ്വാഴ്ച രാവിലെ 11.30 നായിരുന്നു അപകടം. റോഡിനു കുറുകെ തലകീഴായി മറിഞ്ഞു കിടന്ന കാർ പോലീസും ആർ.ടി.ഓഫീസ് അധികൃതരുമെത്തി ക്രയിനിൽ തൂക്കിയെടുത്ത് മാറ്റി വെച്ച് ഗതാഗതം സുഗമമാക്കി.