ഈരാറ്റുപേട്ട – വാഗമൺ റോഡ് ഓഫ് റോഡ് ട്രിപ്പിനു സമാനം

 7 വർഷമായി തകർന്നു കിടക്കുന്ന റോഡ് ഇപ്പോ ശരിയാക്കുമെന്നു പറഞ്ഞ് മന്ത്രിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര മാസമായെങ്കിലും ഈരാറ്റുപേട്ട – വാഗമൺ റോഡിനു ശാപമോക്ഷമില്ല. ഈരാറ്റുപേട്ടയിൽ നിന്നു വാഗമണ്ണിലേക്കെത്തുക എന്നതു തന്നെ ഇപ്പോൾ ഓഫ് റോഡ് ട്രിപ്പിനു സമാനമാണ്.

ഗുഡ്ന്യൂസ് ആശാഭവനു സമീപം വളവിലെ കുഴി. വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയേറെ. 

റോഡ് പണി തുടങ്ങുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങളിലെ കുഴികൾ ഇളക്കി മെറ്റൽ നിരത്തിയതു മാത്രമാണ് നവീകരണം. മഴയിൽ മെറ്റൽ ഇളകുകയും ഒഴുകിപ്പോകുകയും ചെയ്തതോടെ യാത്ര കൂടുതൽ ക്ലേശകരമായി.

റോഡ് ഒന്ന് പദ്ധതി രണ്ട്

kottayam-road-3
ചെക്പോസ്റ്റിനു സമീപത്തു റോഡ് തകർന്നു കിടക്കുന്നു. ഈ റോഡിന്റെ ചിത്രം മുൻപും മനോരമ പ്രസിദ്ധീകരിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല. 

23 കിലോമീറ്റർ നീളമുള്ള ഈരാറ്റുപേട്ട എംഇഎസ് – വാഗമൺ വഴിക്കടവ് റോഡ് നവീകരണത്തിന് 3 വർഷം മുൻപാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി 64 കോടി രൂപ വകയിരുത്തിയത്. കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) പദ്ധതി പ്രകാരം റോഡിന് 12 മീറ്റർ വീതി ആവശ്യമാണ്.

കാരികാട് ടോപ്പിനു സമീപം വളവുകളിലെ കുഴികൾ. 

പലയിടങ്ങളിലും റോഡിന് അത്രയും വീതി ഇല്ലാത്തതിനാൽ സ്ഥലം ഏറ്റെടുക്കാനുള്ള സർവേയും തുടങ്ങിയിരുന്നു. മാർഗനിർദേശങ്ങൾ പാലിച്ചല്ല സർവേ നടത്തുന്നതെന്നു കണ്ടെത്തി കരാറുകാരനെ സർക്കാർ വിലക്കി. ഇതു ചോദ്യം ചെയ്തു കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ സർവേയും സ്ഥലം ഏറ്റെടുക്കലും നിലച്ചു.

കാരികാട് ജംക്‌ഷനു സമീപമുള്ള കുഴികൾ. 

കോടതി നടപടികൾ പൂർത്തിയായി സർവേ നടത്തി സ്ഥലം ഏറ്റെടുത്തു റോഡ് വികസിപ്പിക്കുന്നതിനു കാലതാമസം നേരിടുമെന്നു കണ്ട് 6 മാസം മുൻപാണ് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണിക്ക് 19.9 കോടി രൂപ അനുവദിച്ചത്. ഫെബ്രുവരി 25ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നടത്തി.

ktm-road
മാവടിക്കു സമീപം റോഡിനു മധ്യഭാഗത്തു കൂടി വെള്ളം ഒഴുകുന്നു. കുഴി അടയ്ക്കാനായി നിരത്തിയ മെറ്റലും മണ്ണും വെള്ളത്തിനൊപ്പം ഒലിച്ചു പോയതോടെ കുഴികളുടെ എണ്ണം കൂടി. 

തന്റെ ഓഫിസിൽ നിന്നു നേരിട്ടു നിർമാണപുരോഗതി വിലയിരുത്തുമെന്നാണ് ഉദ്ഘാടനം നിർവഹിച്ച് റിയാസ് പറഞ്ഞത്. തൊട്ടടുത്ത ദിവസം തന്നെ പണികൾ തുടങ്ങുമെന്നു മന്ത്രി പറഞ്ഞെങ്കിലും ഒരാഴ്ചയോളം കഴിഞ്ഞാണ് തുടങ്ങിയത്. ഈരാറ്റുപേട്ട എംഇഎസ് ജംക്‌ഷൻ മുതൽ 8 കിലോമീറ്റർ ഭാഗത്തെ കുഴികൾ ഇളക്കി മെറ്റൽ ഉറപ്പിച്ചിട്ടുണ്ട്.

ktm-road1
ഈരാറ്റുപേട്ട എംഇഎസ് ജംക്‌ഷന്‍ എത്തുന്നതിനു 2 കിലോമീറ്റർ മുൻപ് അറുകുലപ്പാലം ഭാഗത്തെ കുഴി. 

എന്നാൽ മഴയിൽ മെറ്റൽ ഇളകിപ്പോയതോടെ യാത്ര മുൻപത്തെക്കാളും ദുരിതമായി. മഴവെള്ളവും ഉറവയും റോഡിലൂടെ ഒഴുകുന്നതിനാൽ കുഴികൾ തിരിച്ചറിയാതെ അപകടസാധ്യതയുമുണ്ട്.

ktm-road2
തീക്കോയി ഭാഗത്തെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നു. തീക്കോയി മുതൽ ഈരാറ്റുപേട്ട വരെ റോഡിൽ മെറ്റൽ ഉറപ്പിച്ചിട്ടുണ്ടെങ്കിലും മഴ പെയ്തതോടെ കുഴികൾ രൂപപ്പെട്ടു. ഇറക്കമുള്ള ഭാഗങ്ങളിൽ മെറ്റൽ ഒലിച്ചു പോയി. 

സ‍ഞ്ചാരികളുമായി ഈ റോഡിലൂടെ ദിവസവും ജീപ്പ് ഓടിക്കുകയാണ്. 2 തവണ വണ്ടിയുടെ ആക്സിൽ ഒടിഞ്ഞു. പ്ലേറ്റുകൾ പലതവണ ഒടിഞ്ഞു. ഡീസൽ ചെലവും കൂടി. അര മണിക്കൂർ കൊണ്ട് എത്തേണ്ട ദൂരം ഇപ്പോൾ ഒരു മണിക്കൂർ കൊണ്ടാണ് എത്തുന്നത്.

ktm-road3
ഇഞ്ചപ്പാറ ഭാഗത്തു റോഡ് തകർന്നു കിടക്കുന്നു. ഇഞ്ചപ്പാറ മുതലുള്ള 2 കിലോമീറ്റർ ദൂരം പൂർണമായി പൊളിഞ്ഞു കിടക്കുകയാണ്. 

ജോണി തോമസ് മാവടി സ്വദേശി,- വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നയാൾ

വാഗമണ്ണിലേക്കുള്ള വാഹനങ്ങളിൽ പ്ലാസ്റ്റിക് ഉണ്ടോയെന്നു പരിശോധിക്കുന്ന ഹരിതകർമസേനാംഗം. ചിത്രങ്ങൾ: റിജോ ജോസഫ്∙ മനോരമ

∙ മേയ് 15ന് മുൻപ് ആദ്യ 10 കിലോമീറ്റർ ടാർ ചെയ്യും. റോഡിന്റെ നിർമാണ പുരോഗതിയെക്കുറിച്ചു കരാറുകാരനോടും പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയറോടും സംസാരിച്ചിരുന്നു. മഴ കാരണമാണ് ജോലികൾ നിലച്ചത്.

പി.എ.മുഹമ്മദ് റിയാസ്, പൊതുമരാമത്ത് മന്ത്രി

∙ എംഇഎസ് ജംക്‌ഷൻ മുതലുള്ള 6 കിലോമീറ്റർ ദൂരത്തെ പണികൾ ഈ മാസം 30ന് മുൻപ് പൂർത്തിയാക്കും. ബാക്കി ഭാഗം മേയ് 15ന് പൂർത്തിയാക്കും. ഇക്കാര്യത്തിൽ മാറ്റമുണ്ടാകാൻ അനുവദിക്കില്ല. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണു പ്രവർത്തിക്കുന്നത്.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

∙  മഴ പെയ്തതാണ് പണി നിർത്തിവയ്ക്കാൻ കാരണം. അടുത്തദിവസം തന്നെ ടാറിങ് തുടങ്ങും. വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതിനാലാണ് പലയിടത്തും മെറ്റിൽ ഒഴുകിപ്പോയത്. നടയ്ക്കൽ ഭാഗത്ത് ഇന്നലെ റോഡിന്റെ വശം തെളിക്കുന്ന ജോലി തുടങ്ങി. വെള്ളം റോഡിലേക്കു വരാതെ ഒഴുകിപ്പോകാനാണു വശം തെളിക്കുന്നത്. ചില ഭാഗത്തു മാത്രമേ ഓട നിർമിക്കുന്നുള്ളൂ. ബാക്കി ഭാഗങ്ങളിൽ ടാറിങ് പൊളിഞ്ഞു പോകാതിരിക്കാൻ വശത്തേക്കു ചെരിച്ചു കോൺക്രീറ്റ് ചെയ്യും.

വി.കെ.രാജേഷ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ

∙ റോഡിൽ കുഴിയടയ്ക്കൽ നടത്താറുണ്ടെങ്കിലും അടുത്ത മഴയത്ത് ഒലിച്ചു പോകുകയാണു പതിവ്. റോഡ് തകർന്നു കിടക്കുന്നതു കാരണം വണ്ടിക്ക് പണിയില്ലാത്ത സമയമില്ല. ഇന്ധനവും ഏറെ ചെലവാകും. സമയത്ത് ഓടിയെത്താനും കഴിയില്ല. കുഴികളിൽ ചാടിയുള്ള യാത്ര കാരണം ശരീരമാകെ വേദനയാണ്.

ജോമോൻ ജോസഫ്, ലോറി ഡ്രൈവർ, വാഗമൺ സ്വദേശി

∙ പല രാജ്യങ്ങളിൽ നിന്നുള്ളവർ എത്തുന്ന പ്രദേശമാണ് വാഗമൺ. വിദേശികൾ എത്തുമ്പോൾ ഇത്രയും മോശം റോഡിലൂടെ സഞ്ചരിക്കേണ്ടി വരുന്നത് അവരെ മടുപ്പിക്കുന്നുണ്ട്. റോഡിന്റെ മോശം അവസ്ഥയെപ്പറ്റി പലരും ചോദിച്ചിട്ടുണ്ട്. എന്റെ വീടിനു മുൻവശത്തും കുഴികളാണ്. രാത്രി വാഹനങ്ങൾ കുഴിയിൽ ചാടുന്നതിന്റെ ശബ്ദം കേൾക്കാറുണ്ട്. ഇരുചക്ര വാഹനയാത്രക്കാർ പല തവണ വീണിട്ടുണ്ട്.

ആൻസി ജസ്റ്റിൻ, റോഡിനോട് ചേർന്നു താമസിക്കുന്നയാൾ, തീക്കോയി

error: Content is protected !!