കലങ്ങിമറിഞ്ഞ് മണിമലയാർ; പമ്പിങ് തടസ്സപ്പെടും

  

കരിമ്പുകയത്ത് മണിമലയാർ കലങ്ങിമറിഞ്ഞനിലയിൽ. ഇവിടെയുള്ള പമ്പ്ഹൗസിൽനിന്നാണ് ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കേണ്ടത് 

വിഴിക്കിത്തോട്: ജലഅതോറിറ്റിയുടെ പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലയിലെ ജലവിതരണത്തിന് സഹായമാകുന്ന മണിമലയാറ്റിലെ കരിമ്പുകയത്തുനിന്ന് പമ്പിങ് മുടങ്ങും. തുടർച്ചയായി രണ്ടുദിവസമായി കലങ്ങിമറിഞ്ഞ് ചെളിനിറഞ്ഞ വെള്ളമാണ് ഒഴുകിയെത്തുന്നത്.

കരിമ്പുകയത്തെ ശുദ്ധീകരണപ്രക്രിയ കൊണ്ടുഫലമില്ലാത്തവിധമാണ് നിലവിൽ വെള്ളത്തിന്റെ സ്ഥിതി. അതിനാൽ ജലഅതോറിറ്റി പമ്പിങ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 

ചൊവ്വാഴ്ച വൈകീട്ടും ശക്തമായ മഴയിൽ കിഴക്കൻമേഖലയിൽനിന്ന് കലക്കവെള്ളമാണ് ഒഴുകിയെത്തിയത്. ഒക്ടോബറിലെ പ്രളയത്തിൽപോലും ഇത്രയധികം ചെളിവെള്ളം എത്തിയിട്ടില്ല. 

നിലവിൽ കരിമ്പുകയത്തെ പമ്പ്ഹൗസിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം ഗ്രാമദീപത്തെ വലിയസംഭരണിയിലെത്തിച്ചതിന് ശേഷമാണ് പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലയിലെ സംഭരണികളിലേക്ക് പമ്പുചെയ്ത് വിതരണം നടത്തുന്നത്.

എന്നാൽ ഒരുതരത്തിലുള്ള ശുദ്ധീകരണപ്രക്രിയയും സാധ്യമാകാത്തവിധം ചെളി നിറഞ്ഞതിനാൽ പമ്പിങ് നിർത്തിവെയ്ക്കാനാണ് അധികൃതരുടെ തീരുമാനം. ഇതുമൂലം അടുത്തദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങിയേക്കും. നിലവിൽ ഗ്രാമദീപത്തിലെ സംഭരണിയിൽ വെള്ളമുള്ളതിനാൽ തിങ്കളാഴ്ചവരെ പ്രശ്‌നമുണ്ടായില്ല. എന്നാൽ ദിവസവും പമ്പിങ് നടത്തിയില്ലെങ്കിൽ ജലവിതരണം മുന്നോട്ടുപോകില്ല. 

ജലവിതരണം തടസ്സപ്പെടും

പൊൻകുന്നം: കനത്തമഴ മൂലം മണിമലയാറ്റിലെ വെള്ളം കലങ്ങിയൊഴുകുന്നതിനാൽ കരിമ്പുകയത്തെ പമ്പിങ് തടസ്സപ്പെടുമെന്നും കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങുമെന്നും ജലഅതോറിറ്റി അസി.എൻജിനീയർ അറിയിച്ചു.

error: Content is protected !!