വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി കോടതി; കേസ് 17ലേക്ക് മാറ്റി

വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന ആവശ്യം ജില്ലാ സെഷന്‍സ് കോടതി അനുവദിച്ചില്ല. കേസ് ഡയറി ഹാജരാക്കാന്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചു.

കേസ് ഇന്നു തന്നെ വാദം കേള്‍ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കേസില്‍ പി.സി.ജോര്‍ജിന് മറുപടി സമര്‍പ്പിക്കാനുള്ള സാവകാശം കോടതി അനുവദിച്ചു. പി.സി.ജോര്‍ജിനെതിരായ പൊലീസ് ഹര്‍ജിയില്‍ രൂക്ഷമായ വാദപ്രതിവാദമാണ് കോടതി മുന്‍പാകെ അരങ്ങേറിയത്. നിരന്തരമായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജെന്നും ജാമ്യം റദ്ദാക്കുന്നതില്‍ ഇന്ന് തന്നെ വാദം കേട്ട് ഉത്തരവ് പറയണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പി.സി.ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ജാമ്യ വ്യവസ്ഥ ലംഘിച്ച് കോടതിയെ വരെ വെല്ലുവിളിക്കുന്നു. ആചാര അനുഷ്ഠാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഒരു സാധാരണക്കാരനല്ല. മുന്‍ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി 4 വീഡിയോകളും പ്രോസിക്യൂഷന്‍ കോടതിക്കു നല്‍കി.

അതേസമയം സര്‍ക്കാര്‍ അഭിഭാഷകനെ കേള്‍ക്കാതെ ജാമ്യം നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. ഒളിവില്‍ പോയ വ്യക്തിയെ അല്ല അറസ്റ്റ് ചെയ്തു കൊണ്ട് വന്നതെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നല്ലോയെന്നും കോടതി പറഞ്ഞു. മതവിദ്വേഷ പ്രസംഗത്തില്‍ നേരത്തെ ഫോര്‍ട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഡിജിപി അടക്കമുള്ളവരെ അതൃപ്തി അറിയിക്കുകയുണ്ടായി.

error: Content is protected !!