ക്രിസ്മസ് വിപണി ഉണർന്നു; കച്ചവടം കുറവെന്നു വ്യാപാരികൾ
ക്രിസ്തുമസിന് ഒരുദിനം മാത്രം ബാക്കി നിൽക്കെ വിപണി ഉണർന്നുവെങ്കിലും കച്ചവടത്തിൽ മുൻ വർഷത്തെക്കാൾ കുറവുള്ളതായി കച്ചവടക്കാർ. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂട്, ക്രിസ്തുമസ് ട്രീ, ദീപാലങ്കാരങ്ങൾ, മറ്റു അനുബന്ധ സാമഗ്രികൾ എന്നിവ വിൽക്കുന്ന കടകളിലും ബേക്കറികളിലുമാണ് ക്രിസ്തുമസിന് മുന്നോടിയായി ഏറേ തിരക്ക് ഉണ്ടാകുന്നത്.
തെരഞ്ഞെടുപ്പിന് മുന്പു ടൗണിലെ കച്ചവട സ്ഥാപനങ്ങളിൽ സാധാരണ ദിവസങ്ങളിൽപോലും തിരക്കുണ്ടായിരുന്നു. ഇതിനുശേഷം കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന ഭീതി മൂലം ആളുകൾ വീടു വിട്ടു പുത്തിറങ്ങുന്നതും ശ്രദ്ധയോടെയാക്കിയത് കച്ചവടത്തെ ബാധിച്ചു.
20 മുതൽ 380 രൂപ വരെ വിലയുള്ള പേപ്പർ നക്ഷത്ര വിളക്കുകളും 68 മുതൽ 580 രൂപ വരെ വിലയുള്ള എൽഇഡി നക്ഷത്രങ്ങൾ, 650 മുതൽ 1600 രൂപയുടെ ചൂരലിൽ നിർമിച്ച പുൽക്കൂടുകൾ, 100 മുതൽ 1650 രൂപ വില വരുന്ന ക്രിസ്തുമസ് ട്രീകൾ എന്നിവയാണ് വിപണിയിലുള്ള അലങ്കാര സാമഗ്രികൾ.
260 മുതൽ 750 രൂപ വിലയുള്ള കേക്കുകൾക്ക് പുറമെ, 300 രൂപയുടെ മധുരമില്ലത്ത കേക്ക്, ഒരു വർഷം പഴക്കമുള്ള മുന്തിരി വൈൻ ഉപയോഗിച്ചു നിർമിക്കുന്ന ഓൾഡ് ഇംഗ്ലീഷ് പ്ലം കേക്ക്, ക്യൂൻ മേരി കേക്ക് എന്നിവയെല്ലാം ബേക്കറികളിലെ വിഐപികളാണ്. ഇതിനെല്ലാം ആവശ്യക്കാർ എത്തുന്നുണ്ടെങ്കിലും വിപണി മുൻകാലങ്ങളിലേതുപോലെ ഉഷാറായിട്ടില്ലെന്നാണു കച്ചവടക്കാർ പറയുന്നത്. കോവിഡ്-19 നെ തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധികളും കച്ചവത്തെ ബാധിച്ചിട്ടുണ്ട്.
സാധാരണ ഈ സമയങ്ങളിൽ കുട്ടികൾ കൂട്ടത്തോടെ കടകളിൽ കയറിയിരുന്നു. എന്നാൽ സ്കൂൾ തുറക്കാത്തതിനാൽ കുട്ടികളെ ഈ വഴിക്കു കാണാത്തതും കച്ചവടത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കുട്ടികളാണ് പ്രധാനമായും ക്രിസ്തുമസ് അലങ്കാര വിപണിയിലെ ആവശ്യക്കാർ. സ്കൂളുകളും കോളജുകളും പ്രവർത്തിക്കാത്തതിനാൽ ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ ഇല്ലാതായതും കച്ചവടത്തിനു തിരിച്ചടിയായെന്നു വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.