റീബൂട്ട് കേരള ഹാക്കത്തോണിൽ അമൽജ്യോതിക്ക് മികച്ച വിജയം
കാഞ്ഞിരപ്പള്ളി: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (എഎസ്എപി) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട റീബൂട്ട് കേരള ഹാക്കത്തോണ്‍ മത്സരത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിന് ഒന്നാം സ്ഥാനം ഉൾപ്പടെ തകർപ്പൻ വിജയം. ടീം സൈബറോണ് കരസ്ഥമാക്കിയ മൂന്നുലക്ഷം രൂപയും സർട്ടിഫിക്കറ്റുമടങ്ങുന്ന പ്രഥമ സ്ഥാനവും ടീം ഡെൽറ്റ ഇന്റലക് നേടിയ സ്പെഷൽ ജൂറി പരാമർശവുമാണ് അമൽജ്യോതിയുടെ മികവിന് മാറ്റുകൂട്ടിയത്.
മാറുന്ന കാലാവസ്ഥ സാഹചര്യങ്ങളെയും മണ്ണിന്റെ ഘടകങ്ങളെയും സംബന്ധിച്ച് വയലും വിളകളും പഠിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഹാർഡ്വെയർ സോഫ്്റ്റ്വെയർ സംയോജിപ്പിച്ചു ‘അഗ്രോട്ടിസ്’എന്ന സംവിധാനമാണ് ടീം സൈബറോണ് സജ്ജമാക്കിയത്.
ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റ്ന്റ് പ്രഫ. വിനു ശങ്കറിന്റെ മാർഗനിർദേശത്തിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിദ്യർഥി പ്രത്യാശ് ജെ. ബിനു, കന്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ നിർമ്മൽ കൃഷ്ണകുമാർ, ജെറിൻ ജോസഫ്, നോയൽ എബി കുഞ്ഞച്ചൻ, ലിനു ജോസഫ്, ശ്രേയ എന്നിവരായിരുന്നു ടീം സൈബറോണ് അംഗങ്ങൾ.
കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ ഡോ. ജെ. ജെബാ സോണിയയുടെ മാർഗനിർദ്ദേശത്തിൽ നെവിൻ കോശി ഡാനിയേൽ, മിലൻ മാണി മാത്യു, തോമസ് ജെറി അറയ്ക്കൽ, എസ്. ശ്രീദേവി, നേഹ അനിൽ, ഷാനാ ജെയിംസ് എന്നിവരായിരുന്നു ടീം ഡെൽറ്റ ഇന്റലക് അംഗങ്ങൾ.
കംപ്യൂട്ടർ സയൻസ് അസിസ്റ്റന്റ് പ്രഫ. ജിസ് ജോ മാത്യു ആയിരുന്നു ഹാക്കത്തോണ്‍ മത്സരങ്ങളുടെ അമൽജ്യോതി ചീഫ് മെന്റെർ.