കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയുടെ മുൻപിൽ മനോരമ പത്രവും പ്രസിദ്ധീകരണങ്ങളും കത്തിച്ചു പ്രതിഷേധിച്ചു
Posted on December 17, 2016
കാഞ്ഞിരപ്പള്ളി : മലയാള മനോരമ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് മതവികാരത്തെ വൃണപ്പെടുത്തി എന്നാരോപിച്ചു കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള യുവജന പ്രസ്ഥാനമായ SMYM എന്ന സംഘടനയിൽ പെട്ട ഏതാനും പ്രവർത്തകർ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയുടെ മുൻപിലിട്ടു മനോരമ പത്രവും പ്രസിദ്ധീകരണങ്ങളും കത്തിച്ചു പ്രതിഷേധിച്ചു. രൂപതാ പ്രസിഡന്റ് റോബിൻ സിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ രൂപതാ എക്സിക്യൂട്ടീസിന്റെ നേതൃത്വത്തിൽ ആണ് പ്രതിഷേധിച്ചത്.
മലയാള മനോരമ ഗ്രൂപ്പിന്റെ ഭാഷാപോഷിണി എന്ന മാസികയിൽ ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച ടോം വട്ടക്കുഴിയുടെ ചിത്രമാണ് പ്രതിഷേധത്തിന്റെ മൂല കാരണം .യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിക്കും വിധം അർധനനഗ്‌നയായ കന്യാസ്ത്രീയെ വച്ചുള്ള ചിത്രമാണു വിവാദത്തിൽപ്പെട്ടത്. ചിത്രം ക്രൈസ്തവ വിശ്വാസികളുട വികാരത്തെ വ്രണപ്പെടുത്തി എന്ന ആരോപണം വന്നപ്പോൾ തന്നെ മാസികയുടെ വിതരണം മനോരമ നിർത്തിവച്ചിരുന്നു. വിതരണം ചെയ്ത മാസികകൾ തിരികെ സംഭരിച്ചു നശിപ്പിച്ചു കളയുകയും ചെയ്തിരുന്നു.
തെറ്റ് പറ്റിയെന്നു പറഞ്ഞു മനോരമ പരസ്യമായി മാപ്പും പറഞ്ഞിരുന്നു. ഭാഷാപോഷണിയുടെ ഡിസംബർ ലക്കത്തിൽ വായനക്കാർക്ക് വേദനാജനകമായ ഒരു ചിത്രം കവർപേജിലും മറ്റൊരു ചിത്രം ഉൾപ്പേജിലും പ്രസിദ്ധീകരിക്കാനിടയായതിൽ നിർവ്യാജം ഖേദിക്കുകയും തെറ്റുമനസിലാക്കി ക്ഷമാപണം നടത്തുകയും ചെയ്യുന്നുവെന്നാണ് മനോരമയുടെ ക്ഷമാപണം.
എങ്കിലും മനോരമക്കെതിരെയുള്ള പ്രചാരണം ചിലർ ശക്തമായി നടത്തിക്കൊണ്ടിരിക്കുകയാണ്.
ഭാഷാപോഷിണി ഡിസംബർ ലക്കത്തിൽ ഉൾപ്പെടുത്തിയിരുന്ന സി ഗോപന്റെ നാടകത്തിനായി ടോം വട്ടക്കുഴി എന്ന ആർട്ടിസ്റ്റ് വരച്ചതായിരുന്നു വിവാദത്തിൽ പെട്ട ചിത്രം. മാസികയുടെ തപാൽ വരിക്കാർക്കുള്ള കോപ്പികൾ മാത്രമാണ് പുറത്തുവന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ചാരവൃത്തിയുടെ പേരിൽ വെടിവച്ചു കൊല്ലപ്പെട്ട മാതാഹരി എന്ന സ്ത്രീയെക്കുറിച്ചുള്ള നാടകത്തിന് വരച്ചതായിരുന്നു ചിത്രമെന്നു കലാകാരൻ ടോം വട്ടക്കുഴി പറഞ്ഞു. ചിത്രത്തിന് ആസ്പദമായ രചന വായിച്ചാൽ അത്തരമൊരു എതിർപ്പ് ആർക്കും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണ പദാർത്ഥങ്ങൾ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നിൽ ഇരിക്കുന്ന അർധനനഗ്‌നയായ കന്യാസ്ത്രീയും അവർക്കും ചുറ്റിൽ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രത്തിൽ.
എന്തായാലും കിട്ടിയ അവസരം ഉപയോഗിച്ചു മനോരമ പ്രസിദ്ധീകരണങ്ങളെ തകർക്കുവാനാണ് പലരും ശ്രമിക്കുന്നതെന്നറിയുന്നു. മനോരമ വരിക്കാരോട് പത്രം നിർത്തി മറ്റ് ഏതേലും പത്രം മാറ്റി വരുത്തണം എന്നവശ്യപ്പെട്ടു സോഷ്യൽ മീഡിയകളിൽ ക്രൈസ്തവ സംഘടനകളുടെ പേരിൽ പലരും ആഹ്വനം നടത്തുന്നുണ്ട്. മനോരമ തളരുമ്പോൾ ആ മറുഭാഗത്ത് മറ്റു ചില പത്രങ്ങളുടെ സർക്കുലേഷൻ കൂട്ടുവാനുള്ള പരോക്ഷമായ ശ്രമം നടത്തുന്നുണ്ടോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നു.
മനോരമക്കെതിരായ നീക്കത്തിനു പിന്നിൽ ഇന്ത്യയിലേ പ്രമുഖ ടയർ കമ്പിനികളും നന്നായി ചരടുവലികൾ നടത്തുന്നുണ്ട് എന്നാണറിയുന്നത്. മനോരമ വീടുകളിൽ നിർത്തലാക്കുന്നതിനൊപ്പം മനോരമയുടെ എം.ആർ.എഫ്, ടയർ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നും ഉള്ള അറിയിപ്പുകൾ ഇതിന് തെളിവാണ്. മനോരമ ടി.വി.ചാനലും കാണുനത് ഒഴിവാക്കാൻ ചിലർ അഹ്വാനം നടത്തുന്നുണ്ട് .
എന്നാൽ തെറ്റുപറ്റിയതിനു പരസ്യമായി ക്ഷമാപണം നടത്തുകയും, വിവാദ ചിത്രം പ്രസിദ്ധീകരിച്ച മാസികകൾ പിൻവലിക്കുകയും ചെയ്ത ഒരു മാധ്യമത്തിനെതിരെ വീണ്ടും മനഃപൂർവമെന്നോണം അധിക്ഷേപിക്കുവാൻ ശ്രമിക്കുന്നത് ഭൂഷണമല്ല എന്നാണു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
പ്രശസ്ത വചന പ്രഘോഷകനായ ഡോ. ജോസഫ് പാംപ്ലാനി ഈ പ്രശ്നത്തിൽ മലയാള മനോരമയെ എങ്ങനെയാണു വിമർശിക്കുന്നത് എന്ന് കാണുക – വീഡിയോ ഇവിടെ കാണുക