തീർത്ഥാടക ടൂറിസത്തിന് തുടക്കം കുറിച്ചുകൊണ്ട് എരുമേലിയിൽ ആദ്യ ഹെലികോപ്റ്റർ ഇറങ്ങി … ശബരിമലയിലേക്ക് പോകാൻ എരുമേലി വരെ ഇനി ആകാശയാത്ര – വീഡിയോ
October 18, 2016
എരുമേലി: ശബരിമലയിലേക്ക് പോകാൻ എരുമേലി വരെ ആകാശയാത്ര യാഥാർഥ്യമായി. തീർത്ഥാടക ടൂറിസത്തിന് തുടക്കം കുറിച്ചുകൊണ്ട് എരുമേലിയിൽ ആദ്യ ഹെലികോപ്റ്റർ ഇറങ്ങി
ഏഷ്യാനെറ്റ് മേധാവിയും രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖർ ഇന്ന് രാവിലെ ഒൻപതേമുക്കാലോടെ ഹെലികോപ്റ്ററിൽ എരുമേലി കൊരട്ടിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു തയ്യാറാക്കിയ ഹെലിപാടിൽ ഇറങ്ങിയശേഷം ശബരിമലയിൽ എത്തി ദർശനം നടത്തിയ ശേഷം തിരികെ പോയി. രാവിലെ 09.10ന് നെടുമ്പാശേരിയിൽ നിന്നു പുറപ്പെട്ട ഹെലികോപ്റ്റർ 9.45 നു എരുമേലിയിൽ എത്തി.
വൻ ജനക്കൂട്ടമായിരുന്നു ഹെലികോപ്റ്റർ കാണുവാൻ എത്തിയത്. രാവിലെ പത്തരയോടെ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ മുക്കാൽ മണിക്കൂർ നേരത്തെ എത്തിയായതോടെ ഹെലികോപ്ടർ ഇറങ്ങുന്നത് കാണുവാൻ പ്ലാൻ ചെയ്തിരുന്നവർ നിരാശരായി. മാധ്യമ പ്രവർത്തകരും നിരാശരായി.
എന്നാൽ വൈകിട്ട് നാലരയോടെ ഹെലികോപ്റ്റർ തിരികെ പോകുന്നത് കാണുവാൻ സ്ത്രീകളും കുട്ടികളും അടക്കം വൻ ജനക്കൂട്ടം തന്നെ എത്തിയിരുന്നു.
ഈ പുതിയ ആകാശയാത്ര സംവിധാനത്തോടെ വിവിഐപികൾക്കും വിഐപികൾക്കും സമയലഭാത്തോടെ ശബരിമലയിൽ എത്താൻ ഇതിലൂടെ കഴിയും. തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾക്കു പുറമേ ഉത്തരേന്ത്യയിൽ നിന്നു തീർത്ഥാടകർ റോഡ് മാർഗമോ തീവണ്ടി മാർഗമോ ആണ് എരുമേലിയിലും പിന്നീട് ശബരിമലയിലും എത്തുന്നത്. അവർക്കു ഇനി നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങി ഹെലികോപ്ടറിൽ ഇനി എരുമേലിയിൽ എത്തുവാൻ കഴിയും.