ജോജിയ്ക്കൊപ്പം എരുമേലിയും വെള്ളിവെളിച്ചത്തിൽ

എരുമേലി : എരുമേലിയിൽ പൂർണമായും ചിത്രീകരിച്ച ഭഗത് ഫാസിൽ സിനിമ “ജോജി” നാല് അവാർഡുകൾ നേടിയതോടെ, എരുമേലിയും വെള്ളിവെളിച്ചത്തിന്റെ പ്രഭയിലായി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകൻ , സഹനടി, അവലംബിത തിരക്കഥ , പശ്ചാത്തല സം​ഗീതം എന്നിവയ്ക്കള്ള പുരസ്കാരങ്ങളാണ് ‘ജോജി നേടിയത്.

2 മണിക്കൂറിലേറെ നീളുന്ന സിനിമയിലെ 5 മിനിറ്റൊഴികെ പൂർണമായും എരുമേലിയിൽ ഷൂട്ടിങ് നടത്തി. മേക്കപ് ഇല്ലാതെയാണു അഭിനേതാക്കൾ അഭിനയിച്ചത്. ഷേക്സ്പിയറിന്റെ മാക്ബത്തിനെ അവലംബമാക്കി യാണ് ശ്യാം പുഷ്കരൻ തിരക്കഥ നിർവഹിച്ചത്.

ജോജി സിനിമ കണ്ട പ്രേക്ഷകർ മറക്കില്ല അതിലെ വീട്. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിനടുത്ത് തൊണ്ണൂറുകളിൽ പണിത ബേബി ഫാം ഹൗസ് ആയിരുന്നു ആ വീട്. ജോജിയുടെ തിരക്കഥയ്ക്ക് അവാർഡ് നേടിയ ശ്യാം പുഷ്‌കർ തിരക്കഥ പൂർത്തിയാക്കിയത് ഈ വീട്ടിൽ താമസിച്ചാണ്.

ജോജിയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരമാണ് ശ്യാം പുഷ്‌കറിന്റെ ഭാര്യ ഉണ്ണിമായയ്ക്ക് കിട്ടിയത്. ജോജിയുടെ
സംവിധായകൻ ദിലീഷ് പോത്തന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു. പശ്ചാത്തല സം​ഗീതത്തിന് ജസ്റ്റിൻ വ‍ർ​ഗീസും ജോജിയിലൂടെ അവാർഡിനർഹനായി.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ഉണ്ണിമായയും ചേർന്നാണ് എരുമേലിയെ ലൊക്കേഷൻ ആക്കാൻ തീരുമാനിച്ചത്. അതിന് കാരണം ആ വീട് ആണെന്ന് പറയുന്നു മൂവരും. അതിന് കാരണക്കാരനായത് ജോജിയുടെ ലൈൻ പ്രൊഡ്യൂസർകൂടിയായ എരുമേലി സ്വദേശി ജയേഷ് തമ്പാൻ. സിനിമയുടെ പ്രധാന പശ്ചാത്തലമായി വിജനമായ റബർ, കൈതതോട്ടവും അതിൽ പ്രൗഡി നിറഞ്ഞ പഴയ വീടും വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജയേഷ് മൂവരെയും ചെറുവള്ളി എസ്റ്റേറ്റിനടുത്തുള്ള പഴയ ബംഗ്ലാവ് പോലുള്ള വീട് കാണിച്ചു. ഒറ്റ കാഴ്ചയിൽ തന്നെ വീട് ഇഷ്ടമായി. ചെറുവള്ളി എസ്റ്റേറ്റിലെ റബർ, കൈത തോട്ടങ്ങളും വിജനമായ അന്തരീഷവും പഴമയുടെ പ്രതാപം നിറഞ്ഞ വീടും ജോജി സിനിമയ്ക്ക് അതിന്റെ കഥയ്ക്ക് ഇണങ്ങിയ ലൊക്കേഷൻ തന്നെയായിരുന്നെന്ന് സിനിമയിൽ വ്യക്തമാണ്.

ബേബി ഹൗസിലെ ടെറസും ഇന്റീരിയേഴ്സും കഥയുടെ പശ്ചാത്തലത്തിന് ഏറ്റവും മികച്ചതായിരുന്നു. സിനിമ കണ്ട ഒട്ടേറെ പേർ വീട് കാണാൻ ഇപ്പോഴും എത്തുന്നുണ്ട്. കൂടാതെ മുണ്ടക്കയം സ്വദേശി ജോജു കല്ലേക്കുളം ,കാഞ്ഞിരപ്പള്ളിയിലെ മണ്ണംപ്ലാക്കൽ അലക്സ് അലിസ്റ്റർ എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ടന്നുള്ളതും നാട്ടുകാർക്ക് അഭിമാനം പകരുന്നു. മാത്രമല്ല വിവിധ രംഗങ്ങളിലായി എരുമേലിയിലെ അമ്പതോളം പേർക്ക് ജോജി സിനിമയിൽ മുഖം കാണിക്കാനുമായി.

ലൊക്കേഷനിൽ കാണുന്ന കുളം ഒരുമാസത്തോളമെടുത്താണ് സിനിമയിൽ കാണുന്ന പോലെ ആഴം കൂട്ടി കെട്ടിയെടുത്തത്. ചെറുവള്ളി എസ്റ്റേറ്റിനോട് ചേർന്ന അഞ്ചുകിണർ തോടും, എസ്റ്റേറ്റും വശ്യമനോഹരമായി ജോജിയിൽ കാണാം. രണ്ടുമാസത്തോളം നീണ്ട ഷൂട്ടിംഗിൽ നാട്ടുകാരും ആവേശത്തിലായിരുന്നു. ഫഹദ് ഫാസിൽ ഉൾപ്പെടയുള്ള താരസാന്നിധ്യവും അവർ ആസ്വദിച്ചു. തങ്ങളുടെ നാട്ടിൽ മുഴുനീളെ ചിത്രീകരിച്ച ജോജിക്ക് ഇപ്പോൾ നാല് അവാർഡുകൾ കൂടി ലഭിച്ചതോടെ നാടിന് അഭിമാനമേറുകയാണ്.

error: Content is protected !!