കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് – ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി, സംഘർഷം,

കാഞ്ഞിരപ്പള്ളി: തിരുവനന്തപുരത്ത് ഇന്ദിരാ ഭവനു നേരെയും സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫീസുകൾക്കും നേരേ നടന്ന ആക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും,
മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്ന യൂത്ത് കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധിച്ച്‌ ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനവും കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ മുഖാമുഖം കണ്ടത് പരസ്പരമുള്ള വെല്ലുവിളികളിലും തുടർന്ന് കൈയാങ്കളിയിലും കലാശിച്ചു.

സംഘർഷത്തിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കും മൂന്നു ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കും പരിക്കേറ്റു. 

ചൊവ്വാഴ്ച വൈകീട്ട് ആറോടെ കെ.പി.സി.സി. ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ സമാപന സമ്മേളനം പേട്ടക്കവലയിൽ നടക്കുമ്പോളാണ് സംഘർഷമുണ്ടായത്. സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകർക്കിടയിലേക്കെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തിവീശിയാണ് രംഗം സമാധാനമാക്കിയത്.

പരിക്കേറ്റ കെ.പി.സി.സി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.എം. ഷാജി, ബൂത്ത് പ്രസിഡന്റുമാരായ നെദീർ മുഹമ്മദ്, റോബിൻ ജോസഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി നാസിഫ് നാസർ, ബ്ലോക്ക് സെക്രട്ടറി അജ്മൽ പാറയ്ക്കൽ എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഡി.വൈ.എഫ്. ഐ. മേഖലാ പ്രസിഡൻറ് ജാസർ ഇ.നാസർ, ബ്ലോക്ക് വൈസ് പ്രസിഡൻറ്‌ ബി. ആർ. ബിപിൻ, മേഖലാ സെക്രട്ടേറിയറ്റംഗം ആസിഫ് അമാൻ എന്നിവർ ജനറലാശുപത്രിയിൽ ചികിത്സ തേടി.

സംഘർഷത്തിന് ശേഷം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേട്ടക്കവലയിൽ പ്രതിഷേധ യോഗം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ. ബേബി അധ്യക്ഷത വഹിച്ചു.

error: Content is protected !!