കേരളത്തിലെ നാല് സർവകലാശാലകളിലെയും വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും തടഞ്ഞു; പാരലൽ കോളേജുകളെ ആശ്രയിക്കുന്ന ഒട്ടേറെ വിദ്യാർഥികളുടെ ഉപരിപഠനം മുടങ്ങുവാൻ സാധ്യത .
കേരളത്തിലെ നാല് സർവകലാശാലകളിലെയും (കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ) വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ എന്നിവയ്ക്ക് ഈ അധ്യയനവർഷം പ്രവേശനം തടഞ്ഞുകൊണ്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്ലസ് ടു പരീക്ഷാഫലം വന്ന സാഹചര്യത്തിൽ തുടർപഠനത്തിനായി പാരലൽ കോളേജുകളെ ആശ്രയിക്കുന്ന ഒട്ടേറെ വിദ്യാർഥികളുടെ ഉപരിപഠനം മുടങ്ങുവാൻ സാധ്യതയുണ്ട് .
വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും ശ്രീനാരായണഗുരു ഓപ്പൺസർവകലാശാലയ്ക്ക് കൈമാറാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ സർവകലാശാലയ്ക്ക് യു.ജി.സി. അംഗീകാരം ലഭിക്കാൻ ഇനിയും സമയം എടുക്കും. ഈ സാഹചര്യത്തിൽ, ഒട്ടേറെ വിദ്യാർഥികൾക്ക് ഉപരിപഠനം മുടങ്ങും.കേരളത്തിലെ പാരലൽ കോളേജുകളിൽ ഓരോവർഷവും ഒന്നേകാൽലക്ഷം കുട്ടികളാണ് ഡിഗ്രി, പി.ജി. പഠനത്തിന് ചേരുന്നത്. ഇതുവരെ കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ റെഗുലർ കോഴ്സുകൾക്കൊപ്പം സമാന്തര വിദ്യാഭ്യാസവും നടന്നിരുന്നു.
കേരള, എം.ജി., കണ്ണൂർ സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷനും നടന്നിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിദൂരവിദ്യാഭ്യാസ കോഴ്സുകളും ഉണ്ടായിരുന്നു.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഡിഗ്രിക്ക് 12 കോഴ്സുകളും പി.ജി.ക്ക് അഞ്ച് കോഴ്സുകളും തുടങ്ങാനാണ് അപേക്ഷ നൽകിയിരിക്കുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽ നാല് റീജണൽ സെൻററുകളും ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.15 സർക്കാർ കോളേജുകളിലായിട്ടാണ് ഈ പഠനകേന്ദ്രങ്ങൾ ക്രമീകരിക്കുന്നത്. ജൂലായ് പകുതിയോടെയെ യു.ജി.സി. പ്രതിനിധികൾ പരിശോധനയ്ക്കായി ഇവിടെ എത്തൂ. അവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സെന്ററുകൾക്കും കോഴ്സുകൾക്കും അനുമതി ലഭിക്കൂ.
കഴിഞ്ഞവർഷവും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് യു.ജി.സി. അംഗീകാരം ലഭിച്ചിരുന്നില്ല. ഇതുകാരണം, അവസാനനിമിഷം പ്രൈവറ്റ് രജിസ്ട്രേഷന് സർക്കാർ അനുമതി നൽകിയിരുന്നു.