ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം ഒടിഞ്ഞുവീണു; അത്ഭുതകരമായി തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം
കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം ജനറൽ ആശുപത്രിക്ക് സമീപം ദേശീയപാതയോരത്ത് നിന്നിരുന്ന മാവിന്റെ ശിഖരം ഒടിഞ്ഞ് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണു. ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായിരുന്ന അമ്മയും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എരുമേലി മക്കടയിൽ ഷിഹാബും കുടുംബവുമാണ് മരത്തിന്റെ ശിഖരം ഒടിഞ്ഞുണ്ടായ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഷിഹാബ് പനിബാധിച്ച കുട്ടിയെയുമായി ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ചികിത്സ തേടിയശേഷം ആശുപത്രി പ്രവേശനകവാടത്തിന് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിൽ ചായ കുടിക്കാൻ നിർത്തി. ഷിഹാബ് ഇളയമകൾക്കൊപ്പം പുറത്തേക്കിറങ്ങിയതിന് പിന്നാലെ റോഡരികിൽ നിന്നിരുന്ന മരം ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം ഷിഹാബിന്റെ ഭാര്യ നജീമയും മൂത്തമകൾ ആദിയ (11)യുമാണ് ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായിരുന്നത്. മരം വീണതിനെ തുടർന്ന് നജീമയ്ക്ക് പുറത്തിറങ്ങാനായെങ്കിലും ഓട്ടോയുടെ കമ്പിക്കിടയിൽ ആദിയയുടെ കാൽ കുടുങ്ങിയതിനാൽ പുറത്തിറങ്ങാനായില്ല.
തുടർന്ന് നാട്ടുകാരെത്തി മരത്തിന്റെ ശിഖരം ഉയർത്തി ഓട്ടോയുടെ കന്പി നിവർത്തി കുട്ടിയുടെ കാൽ പുറത്തെടുക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ആദിയയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വിട്ടയച്ചു. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.