ചോറ്റി ത്രിവേണിപാലം അപകടത്തിൽ
ചോറ്റി: ചോറ്റി-ഈരാറ്റുപേട്ട റോഡിലെ ത്രിവേണി പാലം പുനർനിർമിക്കാൻ നടപടിയില്ല. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഉണ്ടായ പ്രളയത്തിൽ പാലത്തിെൻറ തൂണിന്റെ അടിഭാഗം തകർന്നു.
തൂണുകൾക്ക് ബലക്ഷയം ഉണ്ടായതിനാൽ ഏതുസമയവും പാലം നിലംപൊത്താവുന്ന നിലയിലാണ്. മുണ്ടക്കയത്തുനിന്ന് പൂഞ്ഞാർ ഭാഗത്തേക്ക് പോകാൻ എളുപ്പമാർഗം ആയ ഇതുവഴി സ്കൂൾബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്നുണ്ട്. പാലം അപകടാവസ്ഥയിലായ വിവരം കാണിച്ച് എം.എൽ.എ., പി.ഡബ്ല്യു.ഡി. അധികൃതർ എന്നിവർക്ക് നാട്ടുകാർ പരാതി നൽകി. ഇതേ തുടർന്ന് പി.ഡബ്ല്യു.ഡി. ബ്രിഡ്ജ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ഭാരവണ്ടികൾ നിരോധിച്ചുകൊണ്ട് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
ബോർഡ് സാമൂഹികവിരുദ്ധർ നശിപ്പിച്ചതിനെ തുടർന്ന് പൗരസമിതി വീണ്ടും ബോർഡ് പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം വീണ്ടും ബോർഡ് നശിപ്പിച്ച നിലയിലാണ്. പൗരസമിതി യോഗത്തിൽ പ്രസിഡന്റ് ജോസുകുട്ടി കുറ്റിവേലി അധ്യക്ഷനായി. വാർഡംഗം വിജയമ്മ, ജിൻസ് ഈഴകുന്നേൽ, ആൻസൺ ജോർജ്, വി.രാജൻ, കെ.ജെ.രാജു എന്നിവർ പ്രസംഗിച്ചു.