പിണറായിക്കു പിന്നിൽ ഫാരിസ് അബൂബക്കർ -ജോർജ്
മുഖ്യമന്ത്രിയുടെ യു.എസ്. ഇടപാടുകൾക്കുപിന്നിൽ വിവാദ റിയൽ എസ്റ്റേറ്റ് വ്യവസായി ഫാരിസ് അബൂബക്കറാണെന്ന് പി.സി. ജോർജ്. ഫാരിസുമായി ചേർന്നുള്ള മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ശനിയാഴ്ച രാത്രി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം പി.സി. ജോർജ് പറഞ്ഞു.
ഇക്കാര്യങ്ങൾ താൻ ശനിയാഴ്ച പറയാനിരുന്നതാണ്. ഇതു മനസ്സിലാക്കിയാണ് തന്നെ വ്യാജ പീഡനപരാതിയിൽ അറസ്റ്റുചെയ്തത്. ഈ ആരോപണങ്ങൾ അന്വേഷണ ഏജൻസികളടക്കം എത്തേണ്ടിടത്തൊക്കെ എത്തിക്കുമെന്നും ജോർജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിവഴി നടന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ഫാരിസ് അബൂബക്കർ ഇപ്പോൾ അമേരിക്കയിലാണ്. മുഖ്യമന്ത്രിയുടെ ഇടയ്ക്കിടെയുള്ള അമേരിക്കൻ യാത്രകളിൽ ദുരൂഹതയുണ്ട്. അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതി നൽകിയപ്പോൾ ഏറ്റവും കൂടുതൽ എതിർത്ത പിണറായി വിജയൻ ഇപ്പോൾ വിമാനത്താവളം അവർക്ക് ലഭിക്കാൻ കൂട്ടുനിന്നു. ഇതിനുപിന്നിൽ അഴിമതിയുണ്ടെന്നാണ് തന്റെ സംശയം.
കുടുബശ്രീവഴി കേരളത്തിലെ തൊഴിലില്ലാത്ത സ്ത്രീകളുടെ ഡേറ്റ ശേഖരിച്ചിരുന്നു. ഇവ സുരക്ഷിതമല്ല. ഇതിനുപിന്നിലും ഡേറ്റാ കച്ചവടമുണ്ടെന്നാണ് തന്റെ സംശയം. തന്റെ അറസ്റ്റിനുപിന്നിൽ ഗൂഢാലോചനയുണ്ട്. അഴിമതി പുറത്തുകൊണ്ടുവരാനാണ് താൻ ഗൂഢാലോചന നടത്തുന്നത്.
പി.ജെ. ജോസഫ്, ടി.യു. കുരുവിള, ഗണേഷ്‌കുമാർ എന്നിവരെയൊക്കെ രാജിവെപ്പിക്കാൻ തന്റെ ഇടപെടലിലൂടെ കഴിഞ്ഞു. അഴിമതിക്കെതിരായ പോരാട്ടം തുടരും. ഇതിൽ വി.എസ്. അച്യുതാനന്ദനാണ് തന്റെ മാതൃക. തനിക്ക് ജാമ്യം ലഭിച്ചതിലൂടെ നീതിന്യായവ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിച്ചുവെന്നും ജോർജ് പ്രതികരിച്ചു.
കാലത്ത് തൈക്കാട് ഗസ്റ്റ്ഹൗസിൽനിന്നു നന്ദാവനം പോലീസ് ക്യാമ്പിലേക്ക് അറസ്റ്റുചെയ്ത് കൊണ്ടുപോകവേ, പിണറായി വിജയന്റെ കാശുംവാങ്ങി ഇങ്ങനെ ചെയ്യുന്നതിന് ദൈവം പരാതിക്കാരി യോട് ക്ഷമിക്കട്ടെ എന്നായിരുന്നു പി.സി. ജോർജിന്റെ പ്രതികരണം. ഒരുസ്ത്രീയെയും പീഡിപ്പിക്കില്ല. ആരോടും മോശമായി പെരുമാറില്ല. പി.സി. ജോർജ് മാന്യമായി പെരുമാറിയെന്ന് പരാതിക്കാരിതന്നെ മാധ്യമങ്ങളോടു പറഞ്ഞിട്ടുള്ളതാണ്. അവർ മാറ്റിപ്പറയുന്നെങ്കിൽ പറയട്ടെയെന്നും ജോർജ് കൂട്ടിച്ചേർത്തു..