പി.സി. ജോർജിന്റെ ഭാര്യയ്ക്കെതിരെ പോലീസിൽ പരാതി
മുന്‍ പൂഞ്ഞാർ എംഎല്‍എ പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷയ്ക്കെതിരെ പോലീസില്‍ പരാതി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന ഇവരുടെ പരാമര്ശത്തിന്മേലാണ് പരാതി.
കാസര്‍ഗോഡ് സ്വദേശി ഹൈദര്‍ മധൂറാണ് ഉഷയ്ക്കെതിരെ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്. പീഡനക്കേസിൽ പി.സി. ജോർജ് അറസ്റ്റിലായതിന് പിന്നാലെയാണ് ഉഷ മാധ്യമങ്ങളെ കണ്ടത്.
“ശരിക്കും പറഞ്ഞാൽ അയാളെ എനിക്ക് വെടിവെച്ച് കൊല്ലാനുള്ള ദേഷ്യമുണ്ട്. നിങ്ങളിത് ചാനലിൽ കൂടി വിട്ടാൽ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ അയാൾ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലിൽ ഇടാമോ’ എന്നായിരുന്നു ഉഷാ ജോർജിന്റെ പ്രതികരണം.