കെകെ റോഡിലൂടെ കാഞ്ഞിരപ്പള്ളിയിൽ ബസ് എത്തിയിട്ട് 75 വർഷം

 June 3, 2019 

കാഞ്ഞിരപ്പള്ളി ∙ കാളവണ്ടിച്ചക്രങ്ങളുടെ കുടമണി കിലുക്കത്തിനു വിരാമമിട്ടു കൽക്കരിപ്പുക തുപ്പി കാഞ്ഞിരപ്പള്ളിയിൽ ബസ് എത്തിയിട്ട് 75 വർഷം.കോട്ടയത്തു നിന്നു കെകെ റോഡ് വഴി കാഞ്ഞിരപ്പള്ളിയിലേക്ക് ആദ്യ ബസ് എത്തുന്നതു 1944ലാണ്. 6 സീറ്റുകളുമായി മേൽമൂടിയില്ലാതെ കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ എത്തിയ കൽക്കരി ബസ് പഴമക്കാരുടെ ഓർമയിൽ ഒളിമങ്ങാതെയുണ്ട് ഇപ്പോഴും.

അക്കാലത്ത് ബസിൽ യാത്ര ചെയ്യുന്നവരെ കാണാൻ പാതയോരങ്ങളിൽ ആൾക്കാർ തടിച്ചു കൂടുന്നത് പതിവായിരുന്നു. കോട്ടയം കാരാപ്പുഴ സ്വദേശി കെ.എൻ. ശങ്കുണ്ണിപ്പിള്ളയുടെ പേരിലുണ്ടായിരുന്ന ‘സ്വരാജ്’ ബസാണു കെകെ റോഡിലൂടെ ആദ്യം സർവീസ് നടത്തിയത്. പിന്നീടു കൈലാസ്, ബാലകുമാർ എന്നീ ബസുകളും സർവീസ് തുടങ്ങി. നിരവധി എഴുത്തുകാരും സിനിമാ സംവിധായകരും സ്വരാജിനെപ്പറ്റി പരാമർശിച്ചിട്ടിട്ടുണ്ട്.

നായർ സമുദായത്തിലെ പ്രഗത്ഭ നേതാവായിരുന്ന കെ.എൻ. ശങ്കുണ്ണിപ്പിള്ള, ദേശബന്ധുവെന്ന പേരിൽ ദിനപത്രവും പുറത്തിറക്കിയിരുന്നു. മന്നത്തു പത്മനാഭനോട് ഇണങ്ങിയും പിണങ്ങിയും നിലപാട് എടുത്തിട്ടുള്ളയാളാണ് ഇദ്ദേഹം. 

20 ബസുകൾ ഉള്ളവരെ മാത്രമേ സർവീസ് നടത്താൻ അനുവദിക്കുകയുള്ളൂ എന്ന ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ നിർദേശത്തെ മറികടക്കാനായി ഹൈറേഞ്ച് മോട്ടോഴ്സ്, ഹിൽലാൻഡ് മോട്ടോഴ്സ് എന്നിങ്ങനെ ബസ് കമ്പനി രുപീകരിച്ചായിരുന്നു സർവീസ്. ഹൈറേഞ്ചിന്റെ പാതയിലൂടെ ഏലവും തേയിലയും മറ്റ് സുഗന്ധ വ്യഞ്ജനങ്ങളും മലയിറങ്ങിയതോടെ കെകെ റോഡിന്റെ പ്രാധാന്യം വർധിച്ചു. 1954ൽ എൻജിനീയറായ വൈകുണ്ഡം സ്വാമിയാരുടെ മേൽനോട്ടത്തിൽ കെകെ റോഡ് ടാറിങ് നടത്തി. ആദ്യഘട്ടമായി കോട്ടയം മുതൽ മുണ്ടക്കയം വരെയും പിന്നീട് പീരുമേട്, കുമളി എന്നിവിടങ്ങളിലേക്കും ടാറിങ് വ്യാപിപ്പിച്ചു.

റോഡ് ടാർ ചെയ്തതോടെ കാഞ്ഞിരപ്പള്ളി വരെ മാത്രം എത്തിയിരുന്ന ബസുകൾ പീരുമേട്ടിലേക്കും പിന്നീടു വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളിലേക്കും നീട്ടി. കയറ്റം കയറിയെത്തുന്ന ബസുകൾ തണുപ്പിക്കുന്നതിനു പുല്ലുപാറയിൽ നിർത്തിയിടുമായിരുന്നു. വാഹനങ്ങൾ പെരുകിയതോടെ റോഡിന്റെ ഭാവവും മാറി. 2005ൽ കെകെ റോഡ് ദേശീയപാത വിഭാഗം ഏറ്റെടുത്തതോടെ പാത കൊല്ലം – തേനി ദേശീയപാത 183ന്റെ ഭാഗമായി.

error: Content is protected !!