വർണകാഴ്ചകളുമായി എരുമേലി ചന്ദനകുടം മഹോത്സവം (വീഡിയോ)

January 11, 2019 

എരുമേലി: ശരണാരവങ്ങളില്‍ മുങ്ങിനില്‍ക്കുകയായിരുന്ന എരുമേലി വാവര്‍പള്ളിയിൽ നിന്നും ചന്ദനക്കുട ഘോഷയാത്രയിറങ്ങിയപ്പോള്‍ ശിങ്കാരിയും ചെണ്ടമേളവും കൊട്ടിക്കയറി. നഗരരാവിന് ഒരുമയുടെ ചന്തമേകിയ ചന്ദനക്കുടാഘോഷം കാണാൻ എരുമേലിയിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ. 

നാമജപവുമായി ഘോഷയാത്രയെ സ്വീകരിക്കുവാൻ തിങ്ങിനിറഞ്ഞ ഭക്തര്‍ ലോകത്തിന് മുന്നില്‍ മതസൗഹാർദ്ദത്തിന്റെ ജാലകം തുറന്നു. പേട്ട ധര്‍മശാസ്താക്ഷേത്രത്തിലും ശ്രീധര്‍മ്മശാസ്താക്ഷേനത്രത്തിലും ചന്ദനക്കുട ഘോഷയാത്രയെ ആചാരാനുഷ്ഠാനങ്ങളോടെ സ്വീകരിച്ചത് അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉദാത്ത മാതൃകയായിരുന്നു. ജാതിമതഭേദമെന്യേ നാട് ഊഷ്മള സ്വീകരണം നല്‍കി ആഘോഷത്തെ നെഞ്ചിലേറ്റി.

എരുമേലി മഹല്ല് മുസ്‌ലിം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് പള്ളിയങ്കണത്തില്‍നിന്ന് ചന്ദനക്കുട ഘോഷയാത്രയിറങ്ങിയത്. കൃഷി വകുപ്പ് മന്ത്രി സുനിൽകുമാർ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഉദ്‌ഘാടനം നിർവഹിച്ച് സംസാരിച്ച കൃഷി വകുപ്പ് മന്ത്രി സുനിൽകുമാർ എരുമേലിയുടെ മതമൈത്രിയെ പ്രകീർത്തിച്ചു. കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാൻ പെരുമാൾ ജുമാ മസ്ജിദ് തന്റെ സ്വന്തം നാടായ തൃശൂരിലാണ്. അവിടെ എംഎൽഎ ആയിക്കഴിഞ്ഞാണ് മന്ത്രി ആകുന്നത്. സെന്റ് തോമസ് പുണ്യാളന്റെ പാദസ്പർശമുണ്ട് അവിടെ. ഭഗവതി ക്ഷേത്രത്തിന്റെ ചൈതന്യവുമുണ്ട്. എന്നാൽ ഇതെല്ലാം ഒരുമിക്കുന്ന വിദ്വേഷമില്ലാത്ത എരുമേലിയാണ് രാജ്യത്തിന്റെ എക്കാലത്തെയും അഭിമാനമെന്ന് അദ്ദേഹം പറഞ്ഞു. 

അയ്യപ്പഭക്തനായാൽ അയ്യപ്പനാവുകയാണെന്ന തത്വമസി ആണ് ഏറ്റവും വലിയ സന്ദേശം. കലാപങ്ങൾ തൊട്ടുതീണ്ടാത്ത നാടായ എരുമേലിയിൽ കാണുന്നത് ഇതാണ്. അതിന് കാരണമായ മാനവ സ്നേഹം എന്നും നിലനിൽക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. 

ജമാഅത്ത് പ്രസിഡന്റ് അഡ്വ. പി എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു . പി സി ജോർജ് എംഎൽഎ, ഐ ജി പി വിജയൻ, ബോർഡംഗം ശങ്കർദാസ്, കളക്ടർ സുധീർബാബു, എസ് പി ഹരിശങ്കർ, സബ് കളക്ടർ ഈശ പ്രിയ, എസ് പി വി ജി വിനോദ്‌കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ, അസംപ്‌ഷൻ ഫെറോന പള്ളി വികാരി ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ജില്ലാ പഞ്ചായത്ത്‌ അംഗം മാഗി ജോസഫ്, എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ, എൻഎസ്എസ് കരയോഗം സെക്രട്ടറി വിശ്വനാഥൻ പിള്ള, കെവിഎംഎസ് യൂണിയൻ പ്രസിഡന്റ് ഗോപിനാഥപിള്ള, അയ്യപ്പസേവാസംഘം യൂണിയൻ പ്രസിഡന്റ് അഡ്വ. എം എസ് മോഹൻ, വിശ്വകർമസഭ ശാഖ പ്രസിഡന്റ് എ കെ സത്യൻ, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി മുജീബ് റഹ്‌മാൻ, എന്നിവർ പങ്കെടുത്തു. 

ചെണ്ടമേളം, ശിങ്കാരിമേളം, പീലിക്കാവടി, നിലക്കാവടി, അമ്മൻകുടം, പമ്പമേളം, സഞ്ചരിക്കുന്ന മാപ്പിള ഗാനമേള എന്നിവ ഘോഷയാത്രക്ക് അകമ്പടിയേകി. പേട്ടക്കവലയിൽ തഹസിൽദാർ അജിത്കുമാറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പോലീസ്, ആരോഗ്യ വകുപ്പുകൾ വലിയമ്പല ജംഗ്ഷനിൽ സ്വീകരിച്ചു. വലിയമ്പലത്തിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

error: Content is protected !!