പൂജപ്പുരയിൽ’പ്പെട്ട’ വിഐപികള്‍

∙ സ്ഥാപിതമായി 136 വർഷങ്ങൾ പിന്നിടാനൊരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ ജയിലുകളിലൊന്നായ പൂജപ്പുര സെൻട്രൽ ജയിലില്‍ തടവുശിക്ഷ അനുഭവിച്ച് സിമന്റ് തറയിൽ കിടന്നിട്ടുള്ളവരിൽ സാധാരണ കുറ്റവാളികളും കൊടുംകുറ്റവാളികളും ‘വിഐപി’ കുറ്റവാളികളുമുണ്ട്. രാഷ്ട്രീയക്കേസുകളിൽ പ്രതികളായി പൂജപ്പുര ജയിലിലെത്തിയ നേതാക്കളും നിരവധി. സ്വാതന്ത്ര്യസമരകാലത്തും അടിയന്തരാവസ്ഥയുടെ സമയത്തും നിരവധി നേതാക്കൾ പൂജപ്പുര സെൻട്രല്‍ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നശേഷം തൊട്ടുപിന്നാലെ ജയിൽ മന്ത്രിയായ ആർ.ബാലകൃഷ്ണപിള്ള ചെയ്ത കാര്യങ്ങളിലൊന്ന്, ജയിലിലെ അന്നത്തെ ഔദ്യോഗിക ഭക്ഷണമായിരുന്ന ഗോതമ്പുണ്ട മാറ്റി സാധാരണ ഭക്ഷണമാക്കുകയായിരുന്നു. പിന്നീട് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രണ്ടു തവണ കൂടി പൂജപ്പുര ജയിലിൽ ബാലകൃഷ്ണപിള്ളയ്ക്കു കഴിയേണ്ടിവന്നു. അടിയന്തരാവസ്‌ഥ കാലത്ത് ശിക്ഷ അനുഭവിക്കാൻ ഇഎംഎസും ഒപ്പമുണ്ടായിരുന്നു. ഇഎംഎസിന്റെ സഹായി എന്ന നിലയിലാണ് ജയിലിൽ പിള്ള അറിയപ്പെട്ടിരുന്നത്. പിന്നീട് ഗ്രാഫൈറ്റ് കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുരയിലെത്തി. അതിനുശേഷം ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ടപ്പോഴും പിള്ളയ്ക്കു പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയേണ്ടിവന്നു. ഇടമലയാർ കേസിലെ ശിക്ഷയും ചികിൽസയും കഴിഞ്ഞു ആർ.ബാലകൃഷ്‌ണപിള്ള ആശുപത്രിവിട്ട അതേ ദിവസമാണ് സിപിഎം നേതാവ് എം.വി.ജയരാജൻ ‘ശുംഭൻ’ പ്രയോഗത്തെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലെത്തുന്നത്. പിള്ള കിടന്ന ആശുപത്രി ബ്ലോക്കിലെ മുറിയിലാണ് ജയരാജനെയും പാർപ്പിച്ചത്. ജയരാജന്റെ ക്ഷേമം അന്വേഷിച്ച് ജയിലിലെത്തിയ അന്നത്തെ ചീഫ് വിപ്പ് പി.സി.ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ കഴിഞ്ഞ ദിവസം പൂജപ്പുര ജയിലിലെത്തുകയും പിന്നാലെ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു. ജയിലിൽ റിമാൻഡ് തടവുകാരനായതിനാൽ പി.സിക്ക് സ്വന്തം വസ്ത്രം തന്നെ ധരിക്കാമായിരുന്നു. എന്നാൽ പൂജപ്പുരയിലെത്തുന്ന ചില നേതാക്കൾക്ക് ‘എ’ ക്ലാസ് സൗകര്യങ്ങള്‍ നൽകാറുണ്ട്. അതെന്താണ്? എന്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ തടവുപുള്ളിക്കും വ്യത്യസ്ത സൗകര്യങ്ങൾ നൽകുന്നത്? പൂജപ്പുര സെൻട്രൽ ജയിലിലെ തറയുടെ തണുപ്പും മേൽക്കൂരയുടെ ചൂടും അറിഞ്ഞ ‘വിഐപി’ നേതാക്കളുടെ കഥകളും ഏറെയാണ്… 

∙ ശുംഭൻ എന്നാൽ ‘പ്രകാശം പരത്തുന്നവൻ’

പാതയോരത്തെ പൊതുയോഗങ്ങൾ നിരോധിച്ച ഹൈക്കോടതി ജഡ്‌ജിമാരെ കവലപ്രസംഗത്തിൽ ‘ശുംഭൻമാർ’ എന്ന് ആക്ഷേപിച്ചതിനാണ് എം.വി.ജയരാജനു സുപ്രീംകോടതി ശിക്ഷ വിധിച്ചത്. നാലാഴ്ചയായിരുന്നു ശിക്ഷ. ശുംഭൻ എന്നാൽ പ്രകാശം പരത്തുന്നവൻ എന്നാണ് അർഥമെന്ന് ജയരാജന്റെ അഭിഭാഷകൻ വിശദീകരിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 6699 നമ്പർ ആണ് ജയിലിൽ നൽകിയത്. ഇതേ കേസിൽ മുൻപു ശിക്ഷിക്കപ്പെട്ട് എത്തിയപ്പോൾ പാർപ്പിച്ച ആശുപത്രി കെട്ടിടത്തിനടുത്തുള്ള ബ്ലോക്കിലാണ് രണ്ടാം തവണയും പ്രവേശിപ്പിച്ചത്. നേരത്തേ തടവിൽ കഴിഞ്ഞ ഒൻപതു ദിവസം കുറച്ച് ജയിലിൽ കിടക്കേണ്ടി വന്നത് 19 ദിവസമായിരുന്നു. 

സെല്ലിൽ കട്ടിലും ഫാനും പായും തലയണയും മേശയും കസേരയും ജയരാജനു നൽകി. കണ്ണൂരിലെ പാർട്ടി പ്രവർത്തകർ എത്തിച്ചുകൊടുത്ത ഏതാനും പുസ്‌തകങ്ങളുമായാണ് അദ്ദേഹം ജയിലിലെത്തിയത്. മറ്റു തടവുകാർക്കു നൽകിയ ഭക്ഷണമാണ് ജയരാജനും നൽകിയത്. ജയരാജനെ ജയിലിനുള്ളിലേക്കു പ്രവേശിപ്പിച്ചപ്പോൾ അന്നത്തെ ജയിൽ എഡിജിപി അലക്‌സാണ്ടർ ജേക്കബും അവിടെയുണ്ടായിരുന്നു. മുൻ എംഎൽഎ എന്ന പരിഗണനയിൽ ജയരാജനെ ജയിൽ യൂണിഫോം അണിയിപ്പിച്ചില്ല. 

∙ ഗ്രാഫൈറ്റിലും ഇടമലയാറിലും വീണ പിള്ള

മന്ത്രിയായിരിക്കേ ഇടമലയാർ ജലസേചന പദ്ധതിയിൽ വളരെ ഉയർന്നതും ക്രമാതീതവുമായ നിരക്കിൽ രണ്ടു കരാർ ജോലികൾ അനുവദിച്ച് സംസ്‌ഥാന സർക്കാരിനു രണ്ടു കോടിയിലേറെ രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്നായിരുന്നു കേസ്. പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്.അച്യുതാനന്ദൻ സമർപ്പിച്ച ഹർജിയിലാണു കേസ് റജിസ്‌റ്റർ ചെയ്‌തത്. പ്രത്യേക കോടതി അഞ്ചുവർഷം കഠിനതടവു വിധിച്ചെങ്കിലും ഹൈക്കോടതി പ്രതികളെ വിട്ടയച്ചു. ഈ വിധി സുപ്രീം കോടതി റദ്ദാക്കി. മൂന്നു പ്രതികൾക്കും ഒരുവർഷം കഠിനതടവും 10,000 രൂപ വീതം പിഴയും വിധിച്ചു. കൊച്ചിയിലെ പ്രത്യേക കോടതി വാറന്റ് പുറപ്പെടുവിച്ചപ്പോൾ പിള്ള കോടതിയിൽ കീഴടങ്ങി. വർഷങ്ങൾക്കു മുൻപ് ഗ്രാഫൈറ്റ് കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ കിടന്ന മുറിയാണ് പിള്ളയ്ക്കു നൽകിയത്. നമ്പർ 5990. രോഗിയും എഴുപത്താറുകാരനുമായ തനിക്കു ജയിലിൽ എ ക്ലാസ് സൗകര്യം നൽകണമെന്ന ഹർജി പ്രത്യേക കോടതി അംഗീകരിച്ചില്ല. 

എ ക്ലാസ് ജയിൽ സൗകര്യം പ്രത്യേക കോടതി നിഷേധിച്ചതു സംസ്‌ഥാന ജയിൽ ചട്ടങ്ങൾ വിശദമായി പരിശോധിച്ചതിനു ശേഷമായിരുന്നു. സെൻട്രൽ ജയിലുകളിലെത്തുന്ന കുറ്റവാളികളെ കുറ്റകൃത്യത്തിന്റെ സ്വഭാവവും സാമൂഹികപശ്‌ചാത്തലവും പരിഗണിച്ച് നാലു ക്ലാസുകളായി തിരിക്കും. എ, ബി, കൺവിക്‌റ്റ് സ്‌പെഷൽ ക്ലാസ്, സി എന്നിവയാണു ക്ലാസുകൾ. പ്രത്യേക ഭക്ഷണം, ഇഷ്‌ടമുള്ള വസ്‌ത്രം, സ്വന്തം കിടക്ക, ചികിത്സാ സംബന്ധമായ ഉപകരണങ്ങൾ, പത്രങ്ങളും പുസ്‌തകങ്ങളും വായിക്കാനുള്ള സൗകര്യം, കത്തെഴുതാനും അഭിമുഖം നൽകാനുമുള്ള സൗകര്യം, കട്ടിൽ, മേശ, കസേര, സ്വന്തംനിലയിൽ ഭക്ഷണം പാകം ചെയ്‌തു കഴിക്കാനുള്ള സൗകര്യം എന്നിവയാണു ജയിലിൽ അനുവദിക്കുന്ന എ ക്ലാസ് സൗകര്യങ്ങൾ.

എംഎൽഎ, എംപി പദവികളുള്ള ജനപ്രതിനിധികൾ എ ക്ലാസ് സൗകര്യം ലഭിക്കാൻ അവകാശമുള്ളവരാണെന്നു ജയിൽ ചട്ടത്തിൽ പറയുന്നുണ്ട്. എന്നാൽ, ജനപ്രതിനിധികളാണെങ്കിൽ പോലും ചില പ്രത്യേക കുറ്റങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെടുന്നവരെ എ ക്ലാസിനു പരിഗണിക്കേണ്ടതില്ലെന്നും ചട്ടം പറയുന്നുണ്ട്. ദുരാഗ്രഹം, ദുഷ്‌പ്രേരണ, വസ്‌തു സംബന്ധമായ കുറ്റം എന്നിവ മൂലമാണു ശിക്ഷിക്കപ്പെടാൻ ഇടയായതെങ്കിൽ ഇത്തരക്കാർക്ക് എ ക്ലാസ് സൗകര്യം ലഭിക്കാൻ അർഹതയുണ്ടാവില്ലെന്ന ജയിൽ ചട്ടം മൂന്നിലെ എ, ഡി ഭാഗങ്ങൾ ഉദ്ധരിച്ചാണു ബാലകൃഷ്‌ണപിള്ളയ്‌ക്കു കോടതി എ ക്ലാസ് നിഷേധിച്ചത്. അഴിമതിക്കേസുകളെല്ലാം പലപ്പോഴും ഈ വിഭാഗത്തിലാണു പെടുന്നത്. 

തടവുമുറിയിൽ പിള്ള ഏകനായിരുന്നു. ദിവസവും കഴിക്കുന്ന മരുന്നുകളും ഏതാനും ജോഡി വസ്‌ത്രങ്ങളും മുറിയിലേക്കു നൽകി. പിള്ളയെ ജയിൽ യൂണിഫോം ധരിപ്പിച്ചിരുന്നില്ല. കുറച്ചു ദിവസങ്ങൾക്കുശേഷം ആർ. ബാലകൃഷ്‌ണ പിള്ള നിരാഹാരം തുടങ്ങി. ഡോക്‌ടർമാർ നിർദേശിച്ച ചികിൽസയും മറ്റു സൗകര്യങ്ങളും നിഷേധിച്ചതിന്റെ പേരിലായിരുന്നു നിരാഹാരം. ചൂട് സഹിക്കാനാകുന്നില്ലെന്നും മുറിയിൽ കൂളർ വേണമെന്നുമുള്ള പിള്ളയുടെ ആവശ്യം ജയിൽ ചട്ടങ്ങൾ അനുവദിക്കാത്തതിനാൽ ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. പിന്നീട് സ്വന്തം ചെലവിൽ കൂളർ സ്ഥാപിക്കാൻ അനുവദിച്ചു. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി തടവുകാർക്കു ശിക്ഷാകാലാവധി ഇളവു നൽകാൻ സർക്കാർ തീരുമാനിച്ചതിന്റെ അടിസ്‌ഥാനത്തിൽ പിള്ള ജയിൽ മോചിതനായി.

error: Content is protected !!