വിവാദ ഫെയ്സ്ബുക് പോസ്റ്റ്: കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐ യെ സസ്‌പെൻഡ് ചെയ്തു
കാഞ്ഞിരപ്പള്ളി : ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചെന്ന കേസിലെ പ്രതികൾക്കു ജാമ്യം ലഭിച്ചതിനെ അനുകൂലിച്ചുള്ള ഫെയ്സ്ബുക് പോസ്റ്റ് ഷെയർ ചെയ്ത കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐക്കെതിരെ നടന്ന വകുപ്പുതല അന്വേഷണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. കോട്ടയം ജില്ലാ പോലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മധ്യമേഖലാ ഡി.ഐ.ജി യാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ പോസ്റ്റാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ് ഐ ഈരാറ്റുപേട്ട സ്വദേശിനി റംലാ ഇസ്മായിൽ ഷെയർ ചെയ്തത്. “പോലീസ് ചുമത്തിയ കള്ളക്കേസില്‍ എന്നോ ജാമ്യം ലഭിക്കേണ്ടതായിരുന്നിട്ടും കീഴ്‌ക്കോടതികള്‍ പുറം തിരിഞ്ഞ് നിന്നപ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരിക്കുന്നു” എന്ന വാക്യങ്ങളോടെയുള്ള ഫേസ്ബുക് പോസ്റ്റാണ് എഎസ് ഐ ഷെയർ ചെയ്തത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ മൊഴിയെടുത്തു. ഭർത്താവ് അബദ്ധത്തിൽ തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് പങ്കുവച്ചെന്നാണ് ഉദ്യോഗസ്ഥയുടെ മൊഴി.