പരിസ്ഥിതിനിയമം: കേന്ദ്രം ഇപ്പോൾ ചെയ്തത് 2015-ൽ നടപ്പാക്കി കേരളം 

19/07/2022 

1986-ലെ പരിസ്ഥിതി സംരക്ഷണനിയമം ഭേദഗതി കേരളത്തിലെ ഖനനമേഖലയിൽ വലിയമാറ്റം വരുത്തില്ല. ഖനനനിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ കേരളം 2015-ൽത്തന്നെ ലഘൂകരിച്ചതാണ് കാരണം. 

കെ.എം.എം.സി. റൂൾ 2015 എന്നറിയപ്പെടുന്ന നിയമമാണ്, പിഴയടച്ച് ചട്ടലംഘനം ക്രമവത്‌കരിക്കാൻ സംസ്ഥാനത്ത് അവസരമുണ്ടാക്കിയത്.

കേന്ദ്രം ഇപ്പോൾ നിർദേശിക്കുന്നപ്രകാരം, ഖനനമടക്കമുള്ള കാര്യങ്ങളിൽ ചട്ടലംഘനത്തിന് പിഴയടച്ചാൽമതി. ക്രിമിനൽ കുറ്റമില്ല. അനുവദിച്ച ഇടം വിട്ടോ അളവിൽക്കൂടുതലോ പാറ ഖനനംചെയ്താൽ ജിയോളജി വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ അധികറോയൽറ്റി അടച്ചാൽമതിയെന്നും 2015-ലെ കേരളനിയമത്തിലുണ്ട്.

2015-ലെ നിയമം വന്നപ്പോൾ അനധികൃത ക്വാറികൾക്കെതിരേ ക്രിമിനൽ നടപടി എടുക്കാൻപറ്റാത്ത സ്ഥിതിയായിരുന്നു. ഇക്കാര്യത്തിൽ നേരത്തേ ലഭിച്ച പരാതികളിൽ വിവിധ ആർ.ഡി.ഒ.മാർക്കുമുന്നിലുള്ള കേസുകളിൽ നടപടിയെടുക്കാനും കഴിയാതെവന്നു. ഭൂമികൈയേറ്റംപോലുള്ള സംഭവങ്ങളിൽ പോലീസ് നടപടിപോലും സ്വീകരിക്കാനാകാത്ത അവസ്ഥയുമുണ്ടായി.

സർക്കാർഭൂമിയിൽപ്പോലും, അനുമതിയില്ലാതെ ഖനനം നടത്തിയാൽ പിഴയടച്ചാൽ മതിയാകും. 

കോട്ടാങ്ങൽ, വള്ളിക്കോട്, കുറിയന്നൂർ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ ക്വാറികളുടെ പുറമ്പോക്ക്-വനഭൂമി കൈയേറ്റങ്ങൾ റിപ്പോർട്ടുചെയ്തിട്ടും ക്രിമിനൽ കേസുണ്ടാകാഞ്ഞത് 2015-ലെ നിയമംമൂലമാണ്. 

വന്യജീവിസങ്കേതങ്ങളോടുചേർന്ന് പാറ പൊട്ടിച്ചിട്ടും കാര്യമായ നിയമനടപടി ഉണ്ടാകാഞ്ഞതും സമാനസാഹചര്യത്തിൽ. പരിസ്ഥിതി ആഘാതപഠനത്തിലും 2015-ലെ നിയമം വെള്ളംചേർത്തു. ദീപക്‌കുമാർ കേസിൽ സുപ്രീംകോടതി നിർദേശിച്ചത്, എല്ലാത്തരം ഖനനത്തിലും ഭൂമിയുടെ അളവ് നോക്കാതെ പരിസ്ഥിതിയാഘാതപഠനം നടത്തണമെന്നാണ്.

ഇത് ഖനനസ്ഥലത്ത് മാത്രമാക്കി പരിമിതപ്പെടുത്തിയെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ ആക്ഷേപം. മേഖലയിൽ മുഴുവൻ ഉണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കുന്ന രീതി മാറ്റിമറിച്ചു.

2015-നുശേഷം പലഘട്ടങ്ങളിലായി സംസ്ഥാനം ഖനനത്തിൽ ഇളവ് കൊണ്ടുവന്നു. ക്വാറികളും ജനവാസകേന്ദ്രങ്ങളുമായുള്ള അകലം ആദ്യം 100 മീറ്ററും പിന്നീട് 50 മീറ്ററുമായി ചുരുക്കി.

error: Content is protected !!