ബൈക്ക് മോഷണം എന്തെളുപ്പം .. മോഷ്ടിച്ച രണ്ട് ബൈക്കുകളിലെ പെട്രോൾ തീർന്നതോടെ മൂന്നാമതൊരു ബൈക്കുമായി മോഷ്ടാക്കൾ കടന്നു
കൂട്ടിക്കൽ : വിദഗ്‌ധ മോഷ്ട്ടാക്കൾക്ക് മുൻപിൽ ഏത് പൂട്ടും നിസ്സാരം. രണ്ടു മോഷ്ട്ടാക്കൾ വളരെ നിസ്സാരമായി കുറഞ്ഞ സമയത്തിനുള്ളിൽ മൂന്നു ബൈക്കുകൾ മോഷ്ടിച്ചതിന്റെ അമ്പരപ്പിലാണ് കൂട്ടിക്കൽ പ്രദേശത്തെ ജനങ്ങൾ. ആദ്യം മോഷ്ടിച്ച ബൈക്കിലെ പെട്രോൾ തീർന്നതോടെ, മോഷ്ടാക്കൾ രണ്ടാമത്തെ ബൈക്ക് മോഷ്ടിച്ചു യാത്ര തുടർന്നു . അതിലും പെട്രോൾ തീർന്നതോടെ വഴിയിൽ കുടുങ്ങിയ മോഷ്ടാക്കൾ, പെട്ടെന്ന് തന്നെ അവിടെനിന്നും മൂന്നാമത്തെ ബൈക്ക് മോഷ്ട്ടിച്ചു കടന്നു കളഞ്ഞു . പെട്രോൾ വില കൂടിയതോടെ വളരെ കുറച്ചു ഇന്ധനം മാത്രം അടിച്ചു വച്ചതിനാലാണ് ആദ്യത്തെ രണ്ടു ബൈക്കും തിരികെ കിട്ടിയത്. മോഷണ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞതിട്ടുള്ളതിനാൽ മോഷ്ടാക്കൾ ഉടൻ പിടിയിലാകുമെന്നു കരുതപ്പെടുന്നു.
കൂട്ടിക്കലാണ് രണ്ട് ബൈക്ക് വഴിയിലുപേക്ഷിച്ച് മറ്റൊരെണ്ണം മോഷ്ടിച്ച് കള്ളന്മാർ രക്ഷപ്പെട്ടത്. നാരകംപുഴ സഹകരണബാങ്കിന് എതിർവശം താമസിക്കുന്ന കൊക്കയാർ പഞ്ചായത്ത് ജീവനക്കാരൻ ജിയാഷിന്റെ ബൈക്കാണ് ആദ്യം മോഷ്ടിച്ചത്. വഴിയോരത്ത് വെച്ചിരുന്ന ബൈക്ക് തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ രണ്ടുപേർ ചേർന്ന് പൂട്ടുതകർത്ത് കൊണ്ടുപോയതായി ബാങ്കിലെ സി.സി.ടി.വി.യിൽ ദൃശ്യമുണ്ട്.
കൂട്ടിക്കൽ ടൗണിലെത്തിയതോടെ ഇതിലെ പെട്രോൾ തീർന്നു. പിന്നെ വഴിയിലുപേക്ഷിച്ച് അടുത്ത വർക്ക്‌ഷോപ്പിൽനിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചു. കൂട്ടിക്കൽ ചപ്പാത്തിലെത്തിയപ്പോൾ അതുംചതിച്ചു. പെട്രോൾ തീർന്ന ഈ ബൈക്കും ഉപേക്ഷിക്കേണ്ടിവന്നു.
ചപ്പാത്ത്-കോളനി റോഡിൽ മനങ്ങാട്ട് അൽത്താഫിന്റെ വീട്ടിൽ കയറി അടുത്ത ബൈക്ക് എടുത്തു. ഏതായാലും ഈ ബൈക്ക് കണ്ടെത്താനായില്ല. മുണ്ടക്കയം, പെരുവന്താനം പോലീസ് സ്‌റ്റേഷനുകളിൽ ബൈക്കുകൾ മോഷണം പോയതുസംബന്ധിച്ച് പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. സി.സി.ടി.വി.ക്യാമറ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി കള്ളന്മാരെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പോലീസ്.