ഒരു ദിവസം മൂന്നു ബൈക്കുകൾ മോഷ്ടിച്ച യുവാക്കൾ പിടിയിലായി, ഒരാൾക്ക് 21 വയസ്സ്, അപരൻ പ്രായപൂർത്തിയാകാത്ത യുവാവ്

കൂട്ടിക്കൽ : ഒരേ ദിവസം മൂന്നു ബൈക്കുകൾ മോഷ്ടിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതികൾ പിടിയിലായി. ബൈക്കുകളുടെ പൂട്ടുകൾ തകർക്കുന്നതിൽ അതി വിദഗ്ധരാണ് പിടിയിലായ യുവാക്കൾ . പ്രതികളിൽ ഒരാൾക്ക് 21 വയസ്സ് പ്രായമേയുള്ളൂ, മറ്റെയാൾ പ്രായപൂർത്തിയാകാത്ത യുവാവാണ് .

അവർ ആദ്യം മോഷ്ടിച്ച ബൈക്കിന്റെ പെട്രോൾ യാത്രയിൽ തീർന്നതോടെ, രണ്ടാമത്തെ ബൈക്ക് മോഷ്ടിച്ചു. അതിലെ പെട്രോളും വഴിയിൽ തീർന്നതോടെ, മൂന്നാമതൊരു ബൈക്കും മോഷ്ടിച്ചാണ് പ്രതികൾ കടന്നു കളഞ്ഞത്. എന്നാൽ ആദ്യ മോഷണം നടന്നത് സിസിടിവിയിൽ പതിഞ്ഞത് പോലീസിന്റെ ജോലി എളുപ്പത്തിലാക്കി.

കൂട്ടിക്കൽ കരിപ്പായിൽ വീട്ടിൽ റസ്സാക്ക് മകൻ ഇബ്രാഹിം, (21) നെയാണ് മുണ്ടക്കയം പോലിസ് കേസിൽ അറ്റസ്റ്റ് ചെയ്തത്. കൂട്ടിക്കൽ ഭാഗത്ത് ടൂവീലർ വർക്ക് ഷോപ്പ് നടത്തിവന്നിരുന്ന കൊക്കയാർ, നരകംപുഴ സ്വദേശിയായ ബ്ലസ്സൻ തോമസ് എന്നയാളുടെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്ക് ഏൽപ്പിച്ചിരുന്ന മോട്ടോർ സൈക്കിൾ രാത്രി മോഷണം പോയ കേസിലാണ് അറസ്റ്റ് നടന്നത് .

ചോദ്യം ചെയ്യലിൽ നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് തെളിഞ്ഞത്. പ്രതിയും, പ്രായപൂർത്തിയാകാത്ത യുവാവും ചേർന്ന് തൊടുപുഴ ഭാഗത്തു നിന്നും ബജാജ് സി.റ്റി-110, പെരുവന്താനം, കൊക്കയാർഭാഗത്തു നിന്നും ഹീറോ ഹോണ്ടാ സ്പ്ലെണ്ടർ , പന്തളം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ജാവാ മോട്ടോർ സൈക്കിളുകളും മോഷണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പളളി ഡി. വൈ.എസ്.പി. എൻ. ബാബുക്കുട്ടൻ, മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ ഷൈന്‍കുമാര്‍. എസ്. ഐമാരായ അനിഷ് പി എസ്, ബിജു എ എസ്, സി പി ഓ മാരായ ജോഷി എം തോമസ്സ്, ജോൺസൺ എ. ജെ, രഞ്ജിത്ത് റ്റി. എസ്, രതീഷ്. ജി, അനീഷ് വി.പി, റോബിൻ തോമസ്സ്, റഫീക്ക് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

error: Content is protected !!