കടുവ കാണാൻ സാക്ഷാൽ കുറുവച്ചൻ തിയറ്ററിൽ; പടം അടിപൊളിയെന്ന് സമ്മതിച്ചു
ഈരാറ്റുപേട്ട : കാഞ്ഞിരപ്പള്ളിയിൽ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ച, വെള്ളിത്തിരയില്‍ തകർത്തോടുന്ന പൃഥ്വിരാജ് നായകനായ പുത്തന്‍ ചിത്രം ‘കടുവ’ തീയേറ്ററുകളിലെത്തിയത് ഏറെ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവിലാണ്. ‘കടുവ’യിലെ നായകന്റെ കഥ തന്റെ ജീവിതമാണെന്നും തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്നും ആരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ പരാതിയായിരുന്നു അതില്‍ മുഖ്യം. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന നായകന്റെ പേര് കടുവാക്കുന്നേൽ കുര്യാച്ചന്‍ എന്നാക്കി മാറ്റിയാണ് സിനിമ തീയേറ്റുകളിലെത്തിയത്.
എന്നാല്‍ സിനിമാ പ്രവര്‍ത്തകരെ അമ്പരപ്പിച്ചുകൊണ്ട് സാക്ഷാല്‍ കുരുവിനാക്കുന്നേൽ കുറുവച്ചൻ തന്നെ ‘കടുവ ‘സിനിമ കാണാനായി ഈരാറ്റുപേട്ടയിലെ സൂര്യ തിയറ്റർ സമുച്ചയത്തിൽ എത്തി. തന്റെ ജീവിത കഥാസന്ദർഭങ്ങൾ തന്റെ അനുവാദം കൂടാതെ ചിത്രീകരിച്ചുവെന്ന വിവാദവും കേസും സൃഷ്ടിച്ച സിനിമ ‘കടുവ’ കാണാന്‍ ഫസ്റ്റ് ഷോയ്ക്കാണ് ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും എത്തിയത്
ചിത്രം കാണാൻ ജോസ് കുരുവിനാക്കുന്നേൽ എത്തുന്നതിന്റെ വിഡിയോ പൃഥ്വിരാജിന്റെ ഔദ്യോഗിക സിനിമാ മാർക്കറ്റിങ് പേജ് ആയ പൊഫാക്റ്റിയോ പുറത്തിറക്കിയിട്ടുണ്ട്. അടിപൊളിയാണെന്നും തിയറ്ററിൽ ആദ്യമായിട്ടാണ് സിനിമ കാണുന്നതെന്നും ചിത്രം കണ്ട ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു.