ബഫർ സോൺ പിൻവലിക്കുക ; തീപന്തങ്ങളുമായി പ്രതിഷേധം
മുക്കൂട്ടുതറ : വനാതിർത്തി മേഖലയിൽ ഒരു കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന് എതിരെ മലയോര മേഖലയിൽ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നാട്ടുകാർ ഒന്നടങ്കം സന്ധ്യയോടെ റോഡിലിറങ്ങി തീപ്പന്തങ്ങൾ കൈകളിൽ ഉയർത്തി ബഫർ സോണിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധ പ്രകടനം നടത്തി. രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ ആഹ്വാനം ചെയ്യാതെ നാട്ടുകാർ ഒറ്റക്കെട്ടായി അഗ്നിനാളങ്ങളുമായി നടത്തിയ ഈ പ്രതിഷേധം ഏറെ ശ്രദ്ധേയമായി.
കണമല പാണപിലാവിലെ നാട്ടുകാരാണ് ജാതിമത ഭേദമന്യേ രാഷ്ട്രീയ പക്ഷമില്ലാതെ ഒറ്റക്കെട്ടായി പ്രതിഷേധം നടത്തിയത്.
പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച പ്രകടനം അടിമാലി ചുറ്റി ചീനിമരം ജങ്ഷനിൽ സമാപിക്കുമ്പോൾ അണിനിരന്ന ആളുകളുടെ എണ്ണം നൂറുകണക്കിനായിരുന്നു. വാർഡ് മെമ്പർ ജിജിമോൾ സജി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കൃഷിയിലൂടെ ജീവിതം ഉറപ്പിച്ചവരെ ദ്രോഹിക്കുന്ന ബഫർ സോൺ നിയമം നടപ്പിലാക്കിയാൽ വൻ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് മെമ്പർ പറഞ്ഞു. എസ് വൈ എം ഭാരവാഹി ജിത്തു, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോസ് മടുക്കക്കുഴി, മുൻ പഞ്ചായത്ത് അംഗം ദേവസ്യാച്ചൻ കൊച്ചുമാണിക്കുന്നേൽ, പൊതുപ്രവർത്തകരായ ജോപ്പച്ചൻ പറയരുതോട്ടം, ജോസ് തെരുവൻകുന്നേൽ, ജോസ് മടുക്കക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.