യുദ്ധം ചിന്തിപ്പിച്ചു അദിത്തിന്റെ നോവൽ പിറന്നു

മണിമല

: കഴക്കൂട്ടം സൈനീക സ്കൂളിൽ പഠിക്കുമ്പോൾ വായിച്ചുപോയ പുസ്തകങ്ങൾ വലിയൊരുലോകമാണ് അദിത്തിന്റെ മനസ്സിലേക്ക് തുറന്നിട്ടത്. എഴുത്തുഫാക്ടറിയിൽ ആയുധങ്ങൾ സ്വരൂപിച്ച് കൂട്ടി. ഏഴാംക്ലാസിൽ സൈനികസ്കൂൾവിട്ട് നാട്ടിലെ സ്കൂളിൽ ചേർന്നപ്പോഴേക്കും മനസ്സ് പാകപ്പെട്ടു. പത്താംക്ലാസിൽ ഒരു നോവലിന് ഹരിശ്രീ കുറിച്ചു. അങ്ങനെ, മണിമല പടിയറ കൊച്ചുമുറിയിൽ അദിത്ത് അലക്സ് ടോം എഴുതിയ ഇംഗ്ലീഷ് നോവൽ ഷ്രൗഡ് ഓഫ് ദി ഡെവിൾ ആസ്വാദകരുടെ ഇഷ്ടം നേടി.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷ എഴുതുംമുമ്പേ നോവൽ പൂർത്തിയായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാതലത്തിൽ അരങ്ങേറിയ ഗൂഢാലോചനകളും സി.ഐ.എ.യുടെ നീക്കങ്ങളും അമാനുഷിക ശക്തികളുടെ പരീക്ഷണവുമൊക്കെയാണ് പ്രമേയം. ലോകയുദ്ധത്തിന്റെ പാഠഭാഗങ്ങൾ തന്ന അറിവുകളും അതിനപ്പുറത്തേക്ക് വിവരങ്ങൾതന്ന മറ്റ് പുസ്തകങ്ങളുമൊക്കെ നോവലിന്റെ ചിന്തകളിൽ വഴിമരുന്നായി.

ബെന്യാമിനും ഡോ.ശശി തരൂരുമൊക്കെ പുസ്തകത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 287-പേജുള്ള വലിയൊരു നോവലാണിത്. നോവൽ പ്രകാശനം സ്കൂളിലെ ചടങ്ങിൽ മലയാള സർവകലാശാലാ മുൻ വൈസ് ചാൻസലർ കെ. ജയകുമാറാണ് നടത്തിയത്. പുസ്തക പ്രകാശനംനടന്നശേഷം കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രദർശനങ്ങളിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലന്ന വിഷമമാണ് എഴുത്തുകാരനുള്ളത്. ഓൺലൈൻ സൈറ്റുകളായ ആമസോണിലും ഫ്ലിപ്കാർട്ടിലും പുസ്തകംവാങ്ങി വായിച്ചവർ നല്ല അഭിപ്രായം പറഞ്ഞതാണ് പ്രചോദനം.

രണ്ടുമാസം കൊണ്ടാണ് ഷ്രൗഡ് ഓഫ് ദെ ഡെവിൾ പൂർത്തീകരിച്ചത്. ഇപ്പോൾ ആനക്കല്ല് സെന്റ് ആന്റണീസിൽ പ്ലസ്ടുവിന് പഠിക്കുന്ന അദിത്ത് പ്ലസ്ടുവിനു ശേഷമാകും അടുത്ത നോവലിന്റെ എഴുത്തുപുരയിലേക്ക് കടക്കുകയെന്ന് പറഞ്ഞു. എഴുത്തുകാരനായി അറിയപ്പെടാനാണ് ആഗ്രഹം. കോട്ടയം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ മണിമല പടിയറകൊച്ചുമുറിയിൽ അലക്സ്ടോമിന്റെയും റാന്നി എസ്.സി. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സിജി സെബാസ്റ്റ്യന്റെറയും മകനാണ് അദിത്ത്. സഹോദരി ഐറിൻ.

error: Content is protected !!