കാർഷിക വിഷയങ്ങളിൽ സർക്കാർ സംവിധാനങ്ങളുടെ ഒളിച്ചോട്ടം അവസാനിപ്പിക്കണം
കാഞ്ഞിരപ്പള്ളി: കാര്‍ഷികമേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ നടത്താതെ സങ്കീര്‍ണ്ണമാക്കി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒളിച്ചോട്ടം നടത്തുന്നത് അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ കൂടുതല്‍ സംഘടിച്ചു നീങ്ങണമെന്നും ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം പ്രഖ്യാപിച്ചു. പാറത്തോട് പെന്‍ഷന്‍ ഭവനില്‍ ചേര്‍ന്ന ഫാര്‍മേഴ്‌സ് അസോസിയേഷന്‍ താലൂക്ക് സമ്മേളനം ഐഫ സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു.
ഡല്‍ഹി കര്‍ഷക സമരത്തിന്റെ ആവര്‍ത്തനം കേരളത്തിലുണ്ടാകുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നും ബഫര്‍സോണ്‍, വന്യജീവി അക്രമം, ഭൂപ്രശ്‌നങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ദ്രോഹസമീപനത്തിന് അവസാനമുണ്ടാകണമെന്നും അഡ്വ.ബിനോയ് തോമസ് അഭ്യര്‍ത്ഥിച്ചു. ഐഫ ജില്ലാ സെക്രട്ടറി വര്‍ഗീസ് കൊച്ചുകുന്നേല്‍ അധ്യക്ഷത വഹിച്ചു.
സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സമാപന സന്ദേശം നല്‍കി. ബഫര്‍ സോണ്‍ വനാതിര്‍ത്തിയില്‍ നിന്നു പുറത്തുകടക്കാന്‍ മലയോര ജനത അനുവദിക്കില്ലെന്നും പട്ടയമുള്‍പ്പെടെയുള്ളതും റവന്യൂ ഭൂമിയായി കൈവശംവെച്ചനുഭവിക്കുന്നതുമായ കൃഷിയിടങ്ങള്‍ വനമാക്കാന്‍ കര്‍ഷകര് വിട്ടുകൊടുക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഒന്നാം കര്‍ഷക കമ്മീഷന് മുമ്പാകെയുള്ള നിവേദനങ്ങള്‍ ഐഫ ജില്ലാ സെക്രട്ടറി വര്‍ഗീസ് കൊച്ചുകുന്നേല്‍ സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന് സമര്‍പ്പിച്ചു. ബേബിച്ചന്‍ ഏര്‍ത്തയില്‍, തോമസ് ജോസഫ് കാഞ്ഞൂപ്പറമ്പില്‍, മറിയമ്മ ജോസഫ്, പ്രൊഫ.സാജു ജോസഫ്, രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ്, സൈമണ്‍ ഇലഞ്ഞിമറ്റം, സിബി നമ്പുടാകം, ജോണ്‍സി ജേക്കബ്, സൈമണ്‍ ഇല്ലിക്കല്‍, ഷാജി ജേക്കബ്, കെ.സി. ബേബിക്കുട്ടി കൂഴീക്കാട്ട്, പി.എം. ഹനീഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.