വെളിച്ചിയാനിയുടെ കാരണവർ യാത്രയായി
വെളിച്ചിയാനി: വെളിച്ചിയാനിയിലെ ഏറ്റവും മുതിർന്ന കാരണവരായിരുന്ന കുരീക്കാട്ട് കുഞ്ഞേട്ടൻ എന്ന കെ.എ. ജോസഫ് (104) യാത്രയായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞദിവസമായിരുന്നു അന്ത്യം. സ്വാതന്ത്ര്യസമരത്തിലും വിമോചന സമരത്തിലും പങ്കെടുത്ത അദ്ദേഹം വെളിച്ചിയാനി ഇടവകയുടെ ആരംഭകാലം മുതൽ ഇടവകയോടൊപ്പം സഞ്ചരിച്ച വ്യക്തിയായിരുന്നു.
ആദ്യകാല കുടിയേറ്റ കർഷകനായ ഇദ്ദേഹം വെളിച്ചിയാനിയിലെ ആദ്യ ദേവാലയ നിർമാണത്തിലും ദേവാലയ പുനർനിർമാണത്തിലും സജീവമായി പങ്കെടുത്തു. ദീർഘകാലം പള്ളി കൈക്കാരനായും രാഷ്ട്രീയ രംഗത്തും സജീവമായി പ്രവർത്തിച്ചിരുന്നു. ചോറ്റി പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ റോസമ്മയോടൊപ്പം 78 വർഷം നീണ്ടുനിന്ന ദാന്പത്യം സന്തോഷകരമായി പൂർത്തിയാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മക്കളിൽ മൂന്നു പേർ വിവിധ സന്യാസ സമൂഹങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു. കോവിഡ് മഹാമാരിയും ഇദ്ദേഹത്തെ പിടികൂടിയെങ്കിലും ഇതിനെയും തരണംചെയ്ത ഇദ്ദേഹം അവസാന നാളുകൾ വരെ പൂർണ ആരോഗ്യവാനായിരുന്നു.
സംസ്കാരം ഇന്ന് രാവിലെ പത്തിന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ നടക്കും.