ജനകീയ ഡോക്ടർ ഓർമയിലേക്ക്
പൊൻകുന്നം: ഡോ.സി.പി.എസ്. പിള്ളയുടെ നിര്യാണത്തോടെ മലയോര മേഖലയ്ക്ക് നഷ്ടമാകുന്നത് അരനൂറ്റാണ്ടോളം പാവപ്പെട്ടവർക്ക് താങ്ങാനാകുന്ന ചെലവിൽ ചികിത്സയേകിയ ത്വക്രോഗ വിദഗ്ധനെ. ശനിയാഴ്ച രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചിറക്കടവ് ചാപ്പമറ്റത്തിൽ കുടുംബവളപ്പിൽ നടക്കും.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചാപ്പമറ്റത്തിൽ തറവാടിനെ നിലനിർത്തി പഴമയുടെ സൗന്ദര്യം സൂക്ഷിക്കുകയും പഴയകാല ചുമടുതാങ്ങി സംരക്ഷിച്ച് ചരിത്രമറിയാൻ പുതുതലമുറയ്ക്ക് വഴിയൊരുക്കുകയും ചെയ്തു സി.പി.എസ്. പിള്ള. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ മച്ചിനു മുകളിൽ മണ്തിട്ടയുള്ള വീടാണ് ചാപ്പമറ്റം തറവാട്.
ചാപ്പമറ്റം കൃഷ്ണൻകുട്ടി എന്ന കൊന്പന്റെ ഉടമസ്ഥത ഡോ.സി.പി.എസ്. പിള്ളയുടേതായിരുന്നു. ഉടമസ്ഥാവകാശം പിന്നീട് കൈമാറിയെങ്കിലും ജീവിതാവസാനംവരെ ആനപ്രേമിയായിരുന്നു.
ചിറക്കടവ് ചാപ്പമറ്റത്തിൽ പരമേശ്വരൻ പിള്ളയുടെയും പുറ്റുമണ്ണിൽ നാരായണിയമ്മയുടെയും മകനായി ജനിച്ച ശങ്കരപ്പിള്ള എന്ന സി.പി.എസ്. പിള്ള മണിപ്പാൽ മെഡിക്കൽ കോളജിൽ എംബിബിഎസും മദ്രാസ് മെഡിക്കൽ കോളജിൽ ഡെർമറ്റോളജിയിൽ ഉപരിപഠനത്തിനും ശേഷം മംഗലാപുരം ഇഎസ്ഐ ആശുപത്രിയിൽ സേവനം ചെയ്തു. പിന്നീട് നെന്മാറയിൽ ശ്രീഹരി ക്ലിനിക്ക് തുടങ്ങി. പിന്നീട് 1975 മുതൽ പൊൻകുന്നത്ത് ശ്രീഹരി ക്ലിനിക് നടത്തിവരികയായിരുന്നു.