കൂട്ടിക്കൽ പ്രകൃതി ദുരന്തം ; പഠന റിപ്പോർട്ട് അവതരണം ജൂലൈ 30 ന്

കൂട്ടിക്കൽ : 2021 ഒക്ടോബർ 16 ന് കൂട്ടിക്കൽ , കൊക്കയാർ പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലുമുണ്ടായ പ്രകൃതി ദുരന്തത്തിന്റെ ഭൗമശാസ്ത്രപരമായ കാരണങ്ങളെപ്പറ്റിയും, പാരിസ്ഥിതിക -സാമൂഹ്യ ആഘാതങ്ങളെ കുറിച്ചും കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ , ശാസ്ത്ര ഗവേഷണസ്ഥാപനമായ പാലക്കാട് ഐ.ആർ .ടി.സി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സെന്റർ ഫോർ നാച്വറൽ റിസോഴ്സ് മാനേജ്മെന്റ് (സിഎൻആർഎം) എന്നിവയുടെ സഹകരണത്തോടെ നടത്തിയ പ്രാഥമിക പഠന റിപ്പോർട്ടിന്റെ അവതരണം ജൂലൈ 30 ന് നടക്കും.

പ്രമുഖ ഭൗമ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.എസ്.ശ്രീകുമാർ നേതൃത്വം നൽകിയ പഠനസംഘം ദുരന്ത സ്ഥലങ്ങൾ സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ടിലെ കണ്ടെത്തലുകളും, നിർദ്ദേശങ്ങളും ജൂലൈ 30 ശനി വൈകിട്ട് 3 മണി മുതൽ കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നടക്കുന്ന ജനകീയ സദസിൽ അവതരിപ്പിക്കും.

കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.സജിമോൻ അദ്ധ്യക്ഷനാവും. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ആമുഖാവതരണവും,നാട്ടകം ഗവ.കോളജിലെ ജിയോളജി വിഭാഗം മേധാവി ഡോ.പി.ജി.ദിലിപ് കുമാർ വിഷയാവതരണവും നടത്തും.കൊക്കയാർ പഞ്ചായത്ത് പ്രസിഡണ്ട് പ്രിയ മോഹൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ തുടർ ചർച്ചയിൽ പങ്കെടുക്കും.കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ്ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റി പരിപാടി സംഘടിപ്പിക്കുന്നത്.

error: Content is protected !!