കാഞ്ഞിരപ്പള്ളി വൈസ്‌മെൻ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ‘കിഡ്‌നി കെയർ’ കാരുണ്യവർഷം പദ്ധതിയുടെ ഉദ്ഘാടനവും 31ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻട്രൽ വൈസ്‌മെൻസ് ഇന്റർനാഷണൽ ക്ലബ്ബിന്റെ 38-ാം പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഒരു വർഷം നീണ്ടു നിൽക്കുന്ന കാരുണ്യ പദ്ധതിയായ ‘കിഡ്‌നി കെയർ ‘ ന്റെ ഭാഗമായി വിതരണം ചെയ്യുന്ന ഡയാലിസിസ് കിറ്റുകളുടെ വിതരണോദ്ഘാടനവും 31ാം തീയതി ഞായറാഴ്ച വൈകുന്നേരം 7.30ന് വൈസ്‌മെൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രസിഡന്റായി ജോജി വാളിപ്ലാക്കൽ , സെക്രട്ടറി റെജി കുളമറ്റം, വൈസ് പ്രസിഡന്റ് റ്റിഡി ജോസ് മൈക്കിൾ കുഴിവേലിത്തടത്തിൽ, ട്രഷറർ സോണി ഫ്രാന്‍സിസ് പാറപ്പുറം എന്നിവർ മുൻ ഡിസ്ട്രിക്ട് ഗവർണർ ബിജു അടുപ്പുകല്ലേലിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കും.

കാരുണ്യ പദ്ധതിയുടെ ‘കിഡ്‌നി കെയര്‍’ എന്ന പേരില്‍ അര്‍ഹരായ 100 വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് കിറ്റുകള്‍ നല്‍കുന്നതിന്റെ വിതരണ ഉദ്ഘാടനവും കുടുംബ സമ്മേളനവും പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിക്കും. കാഞ്ഞിരപ്പള്ളി മേരിക്വീന്‍സ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ്, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റുമാരായിരുന്ന അന്തരിച്ച ടി.എം. ജോണിയുടെ ഫോട്ടോ ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് എന്‍.ജെ. നഗരൂരും ജോയി ഞള്ളത്തുവയലിന്റെ ഫോട്ടോ മുന്‍ പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കലും അനാച്ഛാദനം ചെയ്യും.
ചാപ്റ്റര്‍ മെമ്പര്‍മാരെ മുന്‍ പ്രസിഡന്റ് അഡ്വ. ബിജി മാത്യു പ്രത്യേകമായി ചടങ്ങില്‍ ആദരിക്കും. പരിപാടികള്‍ക്ക് ജോബ് വെട്ടം, പ്രഫ. മാത്യു കടവില്‍, സിജു സലാം, ബോബന്‍ കാലാപറമ്പില്‍, ജേക്കബ് ചെറിയാന്‍ പന്തിരുവേലില്‍, ജോസ് കൊട്ടാരം, രാജു വെളിയന്‍പറമ്പില്‍, മാര്‍ട്ടിന്‍ ഒട്ടക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

error: Content is protected !!