ബഫര്‍സോണിലെ ഉത്തരവ് തിരുത്തി സർക്കാർ
ബഫര്‍സോണില്‍ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 2019 ലെ സര്‍ക്കാര്‍ ഉത്തരവ് തിരുത്താനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
ബഫര്‍ സോണില്‍ സുപ്രീംകോടതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രിസഭായോഗം വനം വകുപ്പിനെ ചുമതലപ്പെടുത്തി. ബഫര്‍ സോണ്‍ സംബന്ധിച്ച ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്. വിഷയത്തില്‍ കേന്ദ്രത്തെയോ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് കേരളത്തിന്‍റെ ബഫര്‍സോണ്‍ ഉത്തരവ് തിരുത്തണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
വനത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ജനവാസമേഖലയടക്കമുള്ള പ്രദേശങ്ങള്‍ ബഫര്‍സോണ്‍ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവാണ് തിരുത്തിയത്. സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്കെതിരെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിന്‍റെ നിര്‍ണായക തീരുമാനം.
ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കുക എന്നതാണ് കേരളത്തിന്‍റെ നിലപാട്. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ വിധി നടപ്പാക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്താനാണ്
സർക്കാർ നീക്കം.
ബഫര്‍സോണിലെ കോടതി ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷന്‍ പെറ്റീഷനാണ് കേരളം നല്‍കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഉടന്‍ ഹര്‍ജി ഫയല്‍ ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം