എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വികസന കുതിപ്പ്; 1200 കോടിയിലധികം രൂപയുടെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ ..വികസനരേഖ മുപ്പതാം തീയതി മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്യും

മുണ്ടക്കയം : ഒന്നാം വരവ് ഗംഭീരമാക്കി പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ.. ആദ്യമായി എംഎൽഎ പദവിയിൽ എത്തിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ, തന്റെ പ്രിയപ്പെട്ട മണ്ഡലത്തിന് വേണ്ടി നേടിക്കൊടുത്തത് അസൂയാർഹമായ വികസന പ്രവർത്തനങ്ങൾ ..

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തി ഒരു വർഷം പിന്നിടുമ്പോൾ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വികസന മുന്നേറ്റം കുറിക്കാൻ കഴിഞ്ഞതായി എംഎൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിയോജകമണ്ഡലത്തിൽ 1200 കോടിയിലധികം രൂപ വിനിയോഗിച്ച് നടപ്പിലാക്കിയതും, ഇതിനോടകം ഭരണാനുമതി നേടിയെടുത്തിട്ടുള്ളതുമായ ആകെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ സാധ്യമായി എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

നിയോജകമണ്ഡലത്തിൽ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര ജല ജീവൻ മിഷ്യന്റെ സഹകരണത്തോടെ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ആവിഷ്കരിച്ച് ഭരണാനുമതി നേടിയെടുക്കുന്നതിന് കഴിഞ്ഞു. ഇതിൽ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ എരുമേലി ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് ജലം എത്തിക്കുമെന്നും , മൂന്നു വർഷങ്ങൾക്കുള്ളിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കുന്നതുമായിരിക്കും. അതുപോലെതന്നെ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് പുറമ്പോക്ക് നിവാസികൾക്ക് ഉൾപ്പെടെ പുനരധിവാസത്തിന് സ്ഥലം വാങ്ങാൻ സർക്കാർ ധന സഹായം ലഭ്യമാക്കി. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പരിഹാര പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടന്നുവരികയാണ്. നദികളിലും, പുഴകളിലും ശുചീകരണപ്രവർത്തനങ്ങൾ നടത്തി പ്രളയം തടയുന്നതിന് മുന്നൊരുക്കങ്ങൾ നടപ്പിലാക്കി.

ഇതിനോടകം നിയോജക മണ്ഡലത്തിലെ ബഹുഭൂരിപക്ഷം പൊതുമരാമത്ത് റോഡുകൾക്കും ഫണ്ട് അനുവദിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. പൊതുമരാമത്ത് റോഡുകൾക്ക് മാത്രം നിയോജകമണ്ഡലത്തിൽ 200 കോടിയിലധികം രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നാളിതുവരെ ഒരു മിനി സിവിൽ സ്റ്റേഷൻ പോലുമില്ലാതിരുന്ന സാഹചര്യം അവസാനിപ്പിച്ചുകൊണ്ട് ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും മിനി സിവിൽ സ്റ്റേഷനുകൾ അനുവദിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.

സർക്കാർ സേവനങ്ങൾ താഴെതട്ടിൽ എത്തിക്കുന്ന ഏറ്റവും സുപ്രധാന ഓഫീസുകൾ ആയ വില്ലേജ് ഓഫീസുകൾ പൂർണമായും സ്മാർട്ട് ഓഫീസുകൾ ആക്കി മാറ്റുന്നതിന്റെ ഭാഗമായി നിയോജക മണ്ഡലത്തിൽ 6 പുതിയ സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുടെ നിർമാണം നടന്നുവരികയാണ്. ഇതിൽ ആദ്യ വില്ലേജ് ഓഫീസ് കൂവപ്പള്ളിയിൽ പൂർത്തീകരിച്ചു കഴിഞ്ഞു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ഓഗസ്റ്റ് ആറാം തീയതി റവന്യൂമന്ത്രി കെ രാജൻ നിർവഹിക്കും.

കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിട നിർമ്മാണ പ്രവർത്തികൾ നടന്നുവരികയാണ്. ഇപ്രകാരം നിയോജകമണ്ഡലത്തിൽ നടന്നുവരുന്ന സമഗ്രമായ വികസന- ക്ഷേമ- ജനകീയ പ്രവർത്തനങ്ങൾ എല്ലാം വിശദീകരിക്കുന്ന ഒരു വികസന രേഖ ഇടതുപക്ഷ ജനാധിപത്യ മുന്നണി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിദ്ധീകരിക്കുകയാണ്. ഇതിന്റെ പ്രകാശനകർമ്മം സംസ്ഥാന ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് 30-)o തീയതി ശനിയാഴ്ച 3:30 ന് മുണ്ടക്കയം സിഎസ്ഐ പാരിഷ് ഹാളിൽ നിർവഹിക്കും. അതോടൊപ്പം എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ ഏറ്റവും നിർധനരായ 100 കിടപ്പുരോഗികൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന കാരുണ്യസ്പർശം-2022 പൂഞ്ഞാർ എന്ന പേരിൽ ഒരു ധനസഹായ പദ്ധതിയും ആവിഷ്കരിച്ചിരിക്കുകയാണ്. ഇതിന്റെ ഓപചാരിക ഉദ്ഘാടനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി നിർവഹിക്കും. പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നത് ലക്ഷ്യംവെച്ച് എംഎൽഎ ഒരു ഔദ്യോഗിക വെബ്സൈറ്റ് തയ്യാറാക്കിയിക്കുകയാണ്. വെബ്സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം പീരുമേട് എംഎൽഎ വാഴൂർ സോമൻ നിർവഹിക്കും. ചടങ്ങിൽ മുൻ എംഎൽഎ കെ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തും. ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കന്മാരായ കെ രാജേഷ്, ജോർജ്ജുകുട്ടി അഗസ്തി, ശുഭേഷ് സുധാകരൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സണ്ണി തോമസ്, മാത്യൂസ് ജോർജ്, ജിയാസ് കരീം,രാജീവ് നെല്ലികുന്നേൽ,അഡ്വ. സാജൻ കുന്നത്ത്
എന്നിവർ സംസാരിക്കും’.

error: Content is protected !!