അസൗകര്യങ്ങളുടെ നടുവിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുമ്പോഴും വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി തുറന്ന് നൽകുവാൻ വൈകുന്നു. മലയോര മേഖലയിലെ നിർധനരായ രോഗികളുടെ പ്രധാന ആശ്രയകേന്ദ്രമാണിത്. ജനറൽ ആശുപത്രിയാക്കി ഉയർത്തിയിട്ടും സൗകര്യങ്ങൾ ഉയർത്തുന്നതിൽ പിന്നോട്ടാണ്. ഏറെ പ്രതീക്ഷയോടെയാണ് 2014-2015 വർഷത്തിൽ ആശുപത്രിക്കായി അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുന്നത്. എന്നാൽ ഏഴുവർഷം കഴിഞ്ഞിട്ടും നിർമാണം പൂർത്തീകരിച്ച് കെട്ടിടം തുറന്ന് നൽകുവാൻ കഴിഞ്ഞിട്ടില്ല.
പരിമിതമായ സാഹചര്യത്തിലാണ് വർഷങ്ങൾ പഴക്കമുള്ള പഴയകെട്ടിടത്തിൽ ആശുപത്രിയുടെ പ്രവർത്തനം. അത്യാഹിത വിഭാഗം രണ്ടുവർഷം മുൻപ് നവീകരിച്ചെങ്കിലും കിടക്കകളുടെ എണ്ണത്തിലും സൗകര്യങ്ങളുടെ കുറവുണ്ട്. രോഗികളുടെ എണ്ണം കുടുമ്പോൾ ഒരു കട്ടിലിൽ രണ്ടുപേരെ വീതമാണ് കിടത്തുന്നത്. രാവിലെ മുതൽ ഒ.പി.യിൽ ചികിത്സ തേടിയെത്തുന്നവർക്ക് വിശ്രമകേന്ദ്രമുണ്ടെങ്കിൽ ദിവസേന ആയിരത്തിൽപ്പരം ആളുകൾ ചികിത്സ തേടിയെത്തുന്ന ഇവിടെ തിരക്കുകൂടി നിൽക്കേണ്ട സ്ഥിതിയാണുള്ളത്. ചീട്ട് എടുക്കുന്നതിനും രോഗികൾ നീണ്ടനിര നിൽക്കേണ്ട സാഹചര്യമാണുള്ളത്. 140 കിടക്കകളാണ് നിലവിൽ ആശുപത്രിയിലുള്ളത്. പുതിയകെട്ടിടം പ്രവർത്തനയോഗ്യമാക്കുന്നതോടെ കിടത്തി ചികിത്സിക്കുന്നതിനും സൗകര്യങ്ങൾ കൂടും.
അഞ്ച് നിലകളായി ആധുനിക നിലവാരത്തോടെയാണ് പുതിയകെട്ടിടം നിർമിക്കുന്നത്. അത്യാഹിത വിഭാഗവും ഫാർമസിയും, ഒ.പി., വാർഡ്, ഓപ്പറേഷൻ തീേയറ്റർ, ഓഫീസുകൾ എന്നീ വിഭാഗങ്ങൾ വിവിധ നിലകളായി പ്രവർത്തിക്കാൻ കഴിയുന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടത്തിൽ 4.80 കോടിയും രണ്ടാംഘട്ടത്തിൽ 10.50 കോടിയും അനുവദിച്ച് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. 2018-ലാണ് രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
നിലവിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപയുടെ നിർമാണപ്രവർനങ്ങൾ നടന്നുവരികയാണ്. ഒരുകോടി രൂപ കൂടി പദ്ധതിയിൽനിന്ന് അനുവദിക്കും. നിർമാണങ്ങളുടെ പൂർത്തീകരണത്തിനായി 50-ലക്ഷം രൂപ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ചു. കണ്ണ് ശസ്ത്രക്രിയ വിഭാഗത്തിനായി ഒരുകോടി രൂപയും അനുവദിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിർമാണം നടത്തേണ്ടതിനാൽ നിർമാണത്തിൽ കാലതാമസമുണ്ടാകുന്നത് എന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ പറഞ്ഞു .